വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു: പൊലീസുകാരന് സസ്‌പെന്‍ഷന്‍

-

ഇടുക്കി>> മൂന്നാറില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്യാം കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ആത്മഹത്യ ചെയ്ത ഷീബ ഏയ്ഞ്ചല്‍ റാണിയെ ((27)) വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്നാണ് ശ്യാം കുമാറിനെതിരെയുള്ള പരാതി. ദേവികുളം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ കൌണ്‍സിലിംങ്ങ് നടത്തി വരികയായിരുന്നു ഷീബ ഏയ്ഞ്ചല്‍.

ന്യൂഇയറിന് തലേ ദിവസം (ഡിസംബര്‍ 31 ന്) ഉച്ചയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടി മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ മുമ്പ് മുതല്‍ കടുത്ത മാനസീക അസ്വസ്ഥതയിലായിരുന്നെന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. മരിക്കുന്ന ദിവസം ഉച്ചവരെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം പ്രേമ നൈരാശ്യമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശാന്തന്‍പ്പാറ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം കുമാറിലേക്ക് അന്വേഷണം എത്തിചേര്‍ന്നത്.

മൂന്നാര്‍ സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് ശ്യാം കുമാര്‍, കുട്ടികള്‍ക്ക് കൌണ്‍സിലിങ്ങ് ചെയ്തിരുന്ന ഷീബയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് വിവാഹം വരെ എത്തിയെങ്കിലും ഇതിനിടെ ശ്യാം ശാന്തന്‍പാറ സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയി. തുടര്‍ന്ന് ഇരുവരും ഫോണിലൂടെ നിരന്തരം ബന്ധിപ്പെട്ടിരുന്നതായാണ് വിവരം. മരണത്തിന് തലേ ദിവസവും ഇരുവരും കണ്ടുമുട്ടിയിരുന്നതായും പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ വിധേയമായി ശ്യാം കുമാറിനെ സസ്‌പെന്റ് ചെയ്തത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →