കിരണ്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അനുയോജ്യമായ നടപടിയാണെന്നും, മറിച്ചാണെങ്കില്‍ സര്‍വീസില്‍ തിരിച്ചുവരാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും സുരേഷ് ഗോപി

രാജി ഇ ആർ -

കൊല്ലം>>>വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ നിന്ന് പിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി എം പി. കിരണ്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അനുയോജ്യമായ നടപടിയാണെന്നും, മറിച്ചാണെങ്കില്‍ സര്‍വീസില്‍ തിരിച്ചുവരാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിസ്മയയുടെ മരണത്തില്‍ ദു:ഖിക്കുന്ന എല്ലാവര്‍ക്കും കിരണിനെ പിരിച്ചുവിട്ട നടപടി ഒരു സാന്ത്വനമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിസ്മയയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ പണിയില്‍ നിന്ന് പറഞ്ഞയയ്ക്കുക എന്ന് പറഞ്ഞാല്‍ അയാളെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്നതും നോക്കണം. പക്ഷേ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അനുയോജ്യം. ആദ്യം തന്നെ ട്രാന്‍പോര്‍ട്ട് വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രിയേയുമൊക്കെ അഭിനന്ദിക്കുകയാണ്. അദ്ദേഹം കുറ്റമൊന്നും ചെയ്തിട്ടില്ലെന്നാണെങ്കില്‍ തിരിച്ചുവന്നോട്ടേ, അല്ലേ… അതിനും സംവിധാനം സര്‍ക്കാര്‍ കാണണം എന്നേ പറയാനുള്ളൂ. നമ്മള്‍ എല്ലാ വശവും നോക്കണമല്ലോ. പക്ഷേ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പിന്നെ നമ്മള്‍ ആ പക്ഷത്ത് നില്‍ക്കാന്‍ പാടില്ല’- സുരേഷ് ഗോപി പറഞ്ഞു.