LOADING

Type to search

ഒരു വീട്ടില്‍ ഒരു തെങ്ങിന്‍തൈ; ഒരു വര്‍ഷത്തിനകം ഒരു കോടി’; ആദ്യ തൈ നട്ട് സുരേഷ് ഗോപി

IDUKKI Latest News News

തിരുവനന്തപുരം>>>കേരളത്തില്‍ ഒരു വര്‍ഷത്തിനകം ഒരു കോടി തെങ്ങിന്‍തൈകള്‍ നടുമെന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി എം പി. ഇതിന്റെ തുടക്കമെന്ന നിലയ്ക്ക് തൃശൂര്‍ തിരുവില്വാമലയില്‍ അദ്ദേഹം തെങ്ങിന്‍തൈകള്‍ നട്ടു.

ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ എന്നതാണ് ലക്ഷ്യം. സാഹിത്യകാരന്‍ വി കെ എന്നിന്റെ തിരുവില്വാമലയിലെ വീട്ടുവളപ്പിലായിരുന്നു ആദ്യ തെങ്ങിന്‍തൈ നട്ടത്. വിവിധ വീടുകളില്‍ ചെന്ന് സുരേഷ് ഗോപി നേരിട്ട് തെങ്ങിന്‍ തൈ നട്ടു.

തെങ്ങിനെ പരിപാലിക്കേണ്ട ഉത്തരവാദിത്വം അതതു വീട്ടുകാര്‍ക്കുതന്നെയാണെന്ന് പ്രത്യേകം ഓര്‍മിപ്പിച്ചു. തെങ്ങ് എങ്ങനെ പരിചരിക്കണമെന്ന് സിനിമാ സ്‌റ്റൈലിലായിരുന്നു സുരേഷ് ഗോപിയുടെ ഉപദേശം.


നട്ടുപിടിപ്പിക്കുന്ന തെങ്ങിന്‍ തൈകളുടെ പരിപാലം ഉറപ്പാക്കുകയും വേണം. സംസ്ഥാനത്തെ എല്ലായിടങ്ങളിലും വരുംദിവസങ്ങളില്‍ തെങ്ങിന്‍തൈകളുമായി സുരേഷ്‌ഗോപിയെത്തും. കേരളത്തിന്റെ തനതു വിഭവമായ നാളികേരത്തെ സംരക്ഷിക്കാന്‍ കൂടിയാണ് ഈ പദ്ധതി.

കേരളത്തിലുടനീളം തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ എങ്കിലും എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
ജനിതക മാറ്റം വരുത്തിയ പലതരം തെങ്ങിന്‍ തൈകളും വിത്തിനങ്ങളുമുണ്ട്. അതിലൊന്നും ഞാന്‍ കൈവയ്ക്കില്ല. നമ്മുടെ നാടന്‍ തൈകള്‍ എട്ടോ പത്തോ വര്‍ഷം കായ്ക്കുന്നവയാണവ. അതിന്റെ പൊരുളെന്താണെന്ന് ഈ ശാസ്ത്രജ്ഞര്‍ക്ക് മുഴുവനറിയാം.

പശുവിനെ വളര്‍ത്താനുള്ള ശീലമുണ്ടാവണം. അപ്പോള്‍ ചാണകമിട്ട് കൊടുക്കാം വളമായി. ഒന്ന് തെങ്ങിനെ തഴുകാം. അല്‍പം സ്‌നേഹമാവാം. പരിലാളന വേണം തെങ്ങിന്. പണ്ട് മൈക്ക് കെട്ടി വച്ചു പാട്ടൊക്കെ വച്ചു കൊടുക്കുമായിരുന്നു തെങ്ങിന് കായ്ഫലം കൂടാനായി. സുരേഷ് ഗോപി പറഞ്ഞു.

എല്ലാ മലയാളി കുടുംബങ്ങളും ഒരു തെങ്ങ് നടാന്‍ തയ്യാറായാല്‍ തന്നെ ഇവിടെ ഒരു കോടി തെങ്ങിന്‍ തൈകള്‍ നടാനാവും. തേങ്ങയും അതിന്റെ ഉത്പാദനങ്ങളും കയറ്റുമതി ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നമ്മുക്ക് ഈ പദ്ധതി വികസിപ്പിക്കാന്‍ സാധിക്കും.

കേരളത്തിന് സമാനമായ കാലാവസ്ഥയുള്ള തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ കുറ്റ്യാടി തെങ്ങിന്‍ തൈ അടക്കം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുകയാണ്- സുരേഷ് ഗോപി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.