കേരളത്തിന് സുപ്രീം കോടതിയുടെ വിമര്‍ശനം

രാജി ഇ ആർ -

ന്യൂഡല്‍ഹി>>> കൊവിഡ് ഭീഷണി നിലനില്‍ക്കെ ബക്രീദിന് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയുള്ള കൊവിഡ് ഇളവുകള്‍ ദയനീയമാണെന്ന് കോടതി വിമര്‍ശിച്ചു.

മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴിപ്പെടരുതായിരുന്നു. കൊവിഡ് വ്യാപനം കൂടിയ ഇടങ്ങളില്‍ ഇളവ് നല്‍കിയത് തെറ്റായിപ്പോയി. കാറ്റഗറി ഡി പ്രദേശങ്ങളിലെ ഇളവ് ഭീതിപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇളവുകള്‍ രോഗവ്യാപനത്തിന് കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.

ജീവിക്കാനുള്ള അവകാശത്തിന് എതിര് നില്‍ക്കരുതെന്ന താക്കീതും കോടതി നല്‍കി. നേരത്ത ഹര്‍ജി നല്‍കിയിരുന്നെങ്കില്‍ ഇളവുകള്‍ റദ്ദാക്കുമായിരുന്നു. വൈകിയ വേളയില്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും സുപ്രീം കോടതി അറിയിച്ചു.അതേസമയം നിലവിലെ സ്ഥിതി വിലയിരുത്തിയാണ് ഇളവുകള്‍ നല്‍കിയതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിനെതിരെ ഡല്‍ഹി മലയാളി പി.കെ.ഡി. നമ്പ്യാര്‍ ആയിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കേരളം സത്യവാങ്മൂലം സമര്‍പ്പിച്ചത്.