
ന്യൂഡല്‍ഹി>>>രാജ്യദ്രോഹക്കുറ്റങ്ങള്‍ക്കെതിരെ കേസെടുക്കുന്ന ഐ പി സി 124എ വകുപ്പ് ഇനിയും ആവശ്യമുണ്ടോയെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. രാജ്യദ്രോഹവകുപ്പിന്റെ ഭരണഘടനാ സാദ്ധ്യത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഈ ചോദ്യം കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചത്. എന്നാല്‍ നിയമം പിന്‍വലിക്കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കോടതി കുറ്റപ്പെടുത്തുന്നില്ല. പക്ഷേ ഇഷ്ടമല്ലാത്തത് പറഞ്ഞാല്‍ രാജ്യദ്രോഹ നിയമം ചുമത്തുന്ന സാഹചര്യം നിലവിലുണ്ട്. വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും ഇത് ഭീഷണിയാണ്. കാലഹരണപ്പെട്ട പല നിയമങ്ങളും നിയമ പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നു. എന്തുകൊണ്ട് രാജ്യദ്രോഹ കുറ്റത്തിന്റെ കാര്യത്തില്‍ മാത്രം പുനരാലോചനയില്ലെന്നും സുപ്രീംകോടതി ചോദിച്ചു.

രാജ്യദ്രോഹ നിയമം ഒരു കൊളോണിയില്‍ നിയമമാണ്. മഹാത്മാഗാന്ധിയും ബാലഗംഗാധരതിലകനും പോലുള്ള സ്വാതന്ത്രസമര പോരാളികള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ പ്രയോഗിച്ച ഈ നിയമം 75 കൊല്ലം കഴിഞ്ഞും കൊണ്ടു നടക്കുന്നത് പ്രാകൃതമല്ലേയെന്നും കോടതി ചോദിച്ചു. 66എ വകുപ്പ് റദ്ദാക്കിയിട്ടും ഈ വകുപ്പ് പ്രകാരം കേസെടുക്കുകയും ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ രാജ്യത്തുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Follow us on