LOADING

Type to search

സുമിയില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി രണ്ട് വ്യോമസേന വിമാനങ്ങള്‍ ദില്ലിയിലേക്ക്

Kerala

പോളണ്ട്>> സുമിയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുമായി രണ്ടു വിമാനങ്ങള്‍ ദില്ലിക്ക് തിരിച്ചു. വ്യോമസേന വിമാനം പുലര്‍ച്ചെയോടെ ദില്ലിയിലെത്തും. സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികള്‍ ഇന്ന് യുക്രെയ്ന്‍ അതിര്‍ത്തി കടന്ന് പോളണ്ടിലെത്തിയിരുന്നു. 694 വിദ്യാര്‍ത്ഥികള്‍ ആണ് പോളണ്ടിലെത്തിയത്. സുമിയില്‍ നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികള്‍ക്കായി പോളണ്ട്, അതിര്‍ത്തിയില്‍ ബസുകള്‍ എത്തിച്ചിരുന്നു. പോളണ്ട് പൊലീസ് സേനയും സുരക്ഷയും ഒരുക്കി .

സുമിയിലടക്കം റഷ്യ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ആദ്യമായി ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുദ്ധ ഭൂമിയില്‍ നിന്ന് തിരിച്ചെത്തിച്ചത്. സുമിയിലെ വിദ്യാര്‍ഥികള്‍ക്ക് യുക്രെയ്ന്‍ സൗകര്യമൊരുക്കിയിരുന്നു. അവിടെ നിന്നുള്ള ട്രെയിനില്‍ കയറ്റിയ ശേഷം പാസ്‌പോര്‍ട്ട് പരിശോധന അടക്കം നടത്തിയാണ് അയച്ചത്. പോളണ്ട് അതിര്‍ത്തിയിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇവിടുത്തെ നടപടികള്‍ കൂടി ഇനി പൂര്‍ത്തിയാക്കണം. അതുകഴിഞ്ഞാല്‍ ഇന്ത്യയിലേക്ക് തിരിക്കാമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതുവരെയുള്ള താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങള്‍ പോളണ്ടും വോളണ്ടിയര്‍മാരും ചേര്‍ന്ന് ഒരുക്കിയിട്ടുമുണ്ട്.

രണ്ടാഴ്ചയായി സുമിയില്‍ കുടുങ്ങിക്കിടന്ന 694 ഇന്ത്യന്‍ വിദ്യാര്‍ഥികളെ കഴിഞ്ഞ ദിവസം സുരക്ഷിതമായി പോള്‍ട്ടോവയില്‍ എത്തിച്ചു. ശേഷം പടിഞ്ഞാറന്‍ നഗരമായ ലവീവിലേക്ക് ട്രെയിനില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ പിന്നീട് പോളണ്ട് അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെ യുക്രൈനിലെ ഇന്ത്യയുടെ രക്ഷാദൗത്യം ആശ്വാസകരമായ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.

സുമിയില്‍ നിന്ന് മധ്യ യുക്രെയ്ന്‍ നഗരമായ പോള്‍ട്ടോവയിലേക്കുള്ള ദൂരം 174 കിലോമീറ്റര്‍. സാധാരണ മൂന്നര മണിക്കൂറില്‍ തീരുന്ന യാത്ര. എന്നാല്‍ യുദ്ധഭൂമിയിലൂടെയുള്ള സങ്കീര്‍ണ്ണ രക്ഷാ ദൗത്യത്തില്‍ സാധാരണയിലും ഇരട്ടിയിലേറെ സമയമെടുത്താണ് വിദ്യാര്‍ത്ഥികളെ പോള്‍ട്ടോവയില്‍ എത്തിച്ചത്. രണ്ടാഴ്ചയായി ബങ്കറുകളിലും ഭൂഗര്‍ഭ അറകളിലും കഴിഞ്ഞ വിദ്യാര്‍ഥികള്‍ പലരും നന്നേ ക്ഷീണിതര്‍ ആണ്. റഷ്യയുമായും യുക്രൈനുമായും ഇന്ത്യ നിരന്തരം നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് മാനുഷിക ഇടനാഴി തുറന്നു കിട്ടിയത്. തുടക്കത്തില്‍ പലതവണ ആശങ്കകള്‍ ഉയര്‍ന്ന മാനുഷിക ഇടനാഴിയിലൂടെ വിജയകരമായി പൗരന്മാരെ പുറത്തെത്തിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറുകയാണ്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ വിദേശികളും സ്വദേശികളുമായി അയ്യായിരത്തോളം പേരും സുമിയില്‍ നിന്ന് രക്ഷപ്പെട്ട് പോള്‍ട്ടോവയില്‍ എത്തിയിരുന്നു. പോള്‍ട്ടോവയില്‍ നിന്ന് ട്രെയിനില്‍ യാത്ര തുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പടിഞ്ഞാറന്‍ അതിര്‍ത്തി നഗരമായ ലവീവില്‍ എത്തിച്ച ശേഷമാണ് ഇവിടെ നിന്ന് പോളണ്ട് അതിര്‍ത്തിയില്‍ എത്തിയത്. ഇന്നലേയും റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് വിദ്യാര്‍ഥികളുടെ തുടര്‍ യാത്ര സുഗമമാക്കിയിരുന്നു. പ്രധാന നഗരങ്ങളില്‍ എല്ലാം വെടിനിര്‍ത്തുമെന്നും മാനുഷിക ഇടനാഴികളില്‍ ഒരാക്രമണവും ഉണ്ടാകില്ലെന്നും റഷ്യന്‍ സൈനിക വക്താവ് അറിയിച്ചു. പോളണ്ടില്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാന്‍ വിമാനങ്ങള്‍ അടക്കം തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സുമി രക്ഷാദൗത്യത്തില്‍ യുക്രെയ്ന്‍ അതിര്‍ത്തി കടന്നവര്‍ കൂടി രാജ്യത്തെത്തുമ്പോള്‍ ഇന്ത്യയുടെ ഓപ്പറേഷന്‍ ഗംഗ വിജയകരമായ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്.

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.