Type to search

പ്രതിവര്‍ഷം ബീജവില്‍പ്പനയില്‍നിന്നും ഒരുകോടിയോളം രൂപ വരുമാനം നല്‍കിയ ‘സുല്‍ത്താന്റെ’ മരണം മദ്യപാനം മൂലമുളള ഹൃദയാഘാതം

Latest News Local News News

ഹരിയാന>>>സുല്‍ത്താന്‍ ഹരിയാനയിലെ കൈത്തലില്‍ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം ചത്തു. രാജ്യത്തെ കന്നുകാലി മേളകളുടെ അഭിമാനമായിരുന്നു ആജാനബാഹുവായ സുല്‍ത്താന്‍. രാജസ്ഥാനിലെ പുഷ്‌കറില്‍ നടന്ന മേളയില്‍, സുല്‍ത്താന് വേണ്ടിയുള്ള ലേല തുക കോടികളായിരുന്നു. എന്നാല്‍ സുല്‍ത്താന്റെ ഉടമ അവനെ പിരിയാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സുല്‍ത്താന്‍ തന്റെ യജമാനനെ എന്നെന്നേക്കുമായി വിട്ടു പോയി. സുല്‍ത്താന്റെ മരണത്തില്‍ ഉടമയായ നരേഷ് ബെനിവാള്‍ ഏറെ ദു:ഖിതനാണ്.

സുല്‍ത്താന്‍ – 1200 കിലോഗ്രാം ഭാരമുള്ള ഭീമന്‍ പോത്ത് സുല്‍ത്താന്‍ ഒരു സാധാരണ പോത്തല്ല. 1200 കിലോഗ്രാം ഭാരമുള്ള സുല്‍ത്താന്‍ ഒരു സെലിബ്രിറ്റി തന്നെയായിരുന്നു. എണ്ണക്കറുപ്പുള്ള ശരീരവും, തിളങ്ങുന്ന കണ്ണുകളും സുല്‍ത്താന് നിരവധി രാഷ്ട്രീയക്കാരെക്കാളും അഭിനേതാക്കളെക്കാലും വലിയ ആരാധകരെയാണുണ്ടാക്കി നല്‍കിയത്. മുറാ എന്ന ഇനത്തിലുള്ള പോത്തായിരുന്നു സുല്‍ത്താന്‍. പ്രശസ്തി രാജ്യവ്യാപകമായതോടെ സുല്‍ത്താന്റെ ബീജത്തിനായുള്ള ആവശ്യവും കുതിച്ചുയര്‍ന്നിരുന്നു. ഓരോ വര്‍ഷവും ബീജം വിറ്റ് 90 ലക്ഷത്തിലധികം രൂപയാണ് സുല്‍ത്താന്റെ ഉടമ നേടിയിരുന്നത്. ഒരു ഡോസിന് 306 രൂപ നിരക്കില്‍ നരേഷ് ഒരു വര്‍ഷം ഏകദേശം 30,000 ഡോസ് സുല്‍ത്താന്റെ ബീജം വിറ്റിരുന്നു. അങ്ങനെ പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപ അദ്ദേഹം സമ്ബാദിച്ചിരുന്നു.

2013ല്‍ അഖിലേന്ത്യാ അനിമല്‍ ബ്യൂട്ടി മത്സരത്തില്‍ ഹരിയാന സൂപ്പര്‍ ബുള്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നീ പുരസ്‌ക്കാരങ്ങളും സുല്‍ത്താന്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്വന്തം മകനെപ്പോലെയാണ് നരേഷ് സുല്‍ത്താനെ വളര്‍ത്തിയിരുന്നത്. അതുകൊണ്ട് തന്നെ സുല്‍ത്താനെ വില്‍ക്കാനും നരേഷ് തയ്യാറായിരുന്നില്ല.

6 അടി നീളമുള്ള സുല്‍ത്താന്‍ ദിവസവും 15 കിലോ ആപ്പിളും 20 കിലോഗ്രാം കാരറ്റും 10 ലിറ്റര്‍ പാലും കഴിച്ചിരുന്നു. ഇതുകൂടാതെ 10 കിലോ പുല്ലും 12 കിലോ വൈക്കോലും കഴിച്ചിരുന്നു. നെയ്യായിരുന്നു സുല്‍ത്താന്റെ ഇഷ്ട ഭക്ഷണം. വൈകുന്നേരം മദ്യവും കഴിച്ചിരുന്നു. സുല്‍ത്താന്റെ മദ്യപാന ശീലം വളരെ പ്രസിദ്ധവുമായിരുന്നു. ഹൃദയാഘാതമാണ് സുല്‍ത്താന്റെ മരണ കാരണം. കൈത്തലിലെ ബുഡഖേഡ ഗ്രാമത്തിലാണ് സുല്‍ത്താന്‍ കഴിഞ്ഞിരുന്നതെങ്കിലും രാജ്യം മുഴുവന്‍ പ്രശസ്തനായിരുന്നു ഈ ഭീമന്‍ പോത്ത്.

സുല്‍ത്താനെപ്പോലെ മറ്റാരുമുണ്ടാകില്ലെന്ന് ഉടമ നരേഷ് പറയുന്നു. സുല്‍ത്താന്‍ കാരണം ഉടമയായ നരേഷും ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന വ്യക്തിയായി മാറി. സുല്‍ത്താനെ വളരെയധികം ശ്രദ്ധിക്കുകയും അവനെ തന്റെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുകയും ചെയ്തിരുന്ന നരേഷിന് സുല്‍ത്താന്റെ അപ്രതീക്ഷിത മരണം താങ്ങാവുന്നതിലും അപ്പുറമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സുല്‍ത്താന്‍ പ്രതിവര്‍ഷം ഒരു കോടി രൂപ സമ്ബാദിച്ചിരുന്നു. സുല്‍ത്താന്‍ മരിച്ചെങ്കിലും ജീവിതത്തില്‍ ഒരിക്കലും അവനെ മറക്കാന്‍ കഴിയില്ലെന്ന് നരേഷ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.