അവര്‍ക്ക് ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് കാവി ഷാളും ധരിക്കാം;കുട്ടികളുടെ പ്രതിഷേധം

-

ബെംഗളൂരു: കര്‍ണാടകയില്‍ ക്ലാസ്സില്‍ ഹിജാബ് ധരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്ത്.

തങ്ങളുടെ യൂണിഫോമിനൊപ്പം കാവി ഷാള്‍ അണിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അറിയിച്ചത്. മുസ്ലീം വിദ്യാര്‍ത്ഥികള്‍ ശിരോവസ്ത്രം അണിഞ്ഞാല്‍ തങ്ങളും ഷാള്‍ അണിഞ്ഞ് ക്ലാസില്‍ വരുമെന്ന് ഇവര്‍ പറഞ്ഞു.

കടുത്ത പ്രതിഷേധത്തിനൊടുവില്‍ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി നല്‍കിയത്. കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ഹിജാബ് ധരിച്ചെത്തിയവരെ പുറത്തിരുത്തിയത് കര്‍ണാടക ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജില്‍ ആയിരുന്നു. ക്ലാസ് റൂമില്‍ ഹിജാബ് ധരിക്കാന്‍ അനുമതിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ രുദ്ര ഗൌഡ അറിയിച്ചത്. ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാതിരുന്നത് പ്രതിഷേധത്തിനും വഴിവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ജില്ലാ കളക്ടര്‍ കുര്‍മ റാവോ ഇടപെടുന്നത്. വിദ്യാര്‍ത്ഥിനികളുടെ ഭരണഘടനാ പരമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കളക്ടര്‍ വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ കളക്ടര്‍ വിഷയം പരിഹരിക്കുകയായിരുന്നു. ഹിജാബോട് കൂടി തന്നെ ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി ലഭിക്കുകയായിരുന്നു. ഹിജാബ് ധരിച്ചെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ കോളേജില്‍ മൂന്ന് ദിവസമാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. യൂണിഫോമിലെ ഒരേ സ്വഭാവത്തിന് ഹിജാബ് വിലങ്ങ് തടിയാവുന്നെന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വാദം.

കോളേജിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹിന്ദി , കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ കോളേജില്‍ വളപ്പില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നാണ് ഉത്തരവ്. ഹിജാബ് വിഷയത്തില്‍ രക്ഷിതാക്കളെത്തി ചര്‍ച്ച നടത്തിയിട്ടും കോളേജ് അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. മുസ്ലീം സമുദായത്തില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും ആറ് പേരൊഴികെ ആരും ശിരവോസ്ത്രം ധരിക്കുന്നില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.

ഇതിന് പിന്നാലെയാണ് 50 ഓളം വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് കോളേജിലെത്തിയത്. മൂന്ന് വര്‍ഷം മുന്‍പ് ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം പൊങ്ങി വന്നപ്പോള്‍ അതിന് അനുവദിക്കില്ലെന്ന് കോളേജ് അധികൃതര്‍ തീരുമാനിച്ചിരുന്നു. രക്ഷിതാക്കളുമായി നടത്തിയ യോഗത്തിലാണ് ഈ നിര്‍ണായക തീരുമാനം സ്വീകരിച്ചത്. എന്നാല്‍ അതേ പ്രശ്നം വീണ്ടും കൊണ്ടുവരാനാണ് മുസ്ലീം പെണ്‍കുട്ടികള്‍ ശ്രമിച്ചത് എന്നും അവര്‍ ഹിജാബ് ധരിച്ചാല്‍ തങ്ങള്‍ ഷാള്‍ ഇടുമെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജനുവരി 10 ന് രക്ഷിതാക്കളുമായി മീറ്റിംഗ് നടത്താനാണ് പ്രിന്‍സിപ്പാളിന്റെ തീരുമാനം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →