സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ, തിരുവനന്തപുരം മുതല്‍ കോഴിക്കാേട് വരെ ജാഗ്രതാ നിര്‍ദ്ദേശം, ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

രാജി ഇ ആർ -

കോഴിക്കോട്>>> നേരത്തേയുള്ള കാലാവസ്ഥാ പ്രവചനം ശരിവച്ച് സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ പെയ്തുതുടങ്ങി. കോഴിക്കോട്, പാലക്കാട്, കോട്ടയം ജില്ലകളുടെ മലയാേരമേഖലയില്‍ മഴ ശക്തമാവുന്നു എന്നാണ് റിപ്പോര്‍ട്ട്. ഉച്ചയോടെയാണ് മഴ കനത്തുതുടങ്ങിയത്. ശക്തമായ മഴയില്‍ തിരുവമ്പാടി ടൗണില്‍ വെള്ളംകയറിയിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മുതല്‍ കോഴിക്കാേട് വരെ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ നാല്‍പ്പത് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നുണ്ട്.

കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും മലയോര ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.

തീവ്ര മഴ പ്രളയത്തിന് കാരണമായേക്കുമെന്ന് ഭയന്ന് ശക്തമായ മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.ഇടുക്കി ഡാമിലേതുള്‍പ്പടെ നിരവധി ഡാമുകളില്‍നിന്ന് വെള്ളം നിയന്ത്രിത അളവില്‍ തുറന്നുവിട്ടിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെയും ദുരന്ത നിവാരണ സേനയെയും സജ്ജമാക്കിയിരുന്നു.

ആവശ്യമെങ്കില്‍ നിയോഗിക്കാന്‍ മത്സ്യത്തൊഴിലാളികളെയും സര്‍ക്കാര്‍ തയ്യാറാക്കി നിറുത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തുകയായിരുന്നു. ഇന്ന് ഒരു ജില്ലയിലും തീവ്ര മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പുതുക്കിയ മുന്നറിയിപ്പില്‍ അറിയിച്ചത്. നാളെ പത്തനംതിട്ട, കാേട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.