LOADING

Type to search

സംസ്ഥാന അധ്യാപക അവാര്‍ഡ് കെ.എം.നൗഫല്‍ മാഷിന്

Latest News Local News News

മൂവാറ്റുപുഴ>>>സംസ്ഥാന സര്‍ക്കാരിന്റെ 2020-21 പ്രൈമറി വിഭാഗത്തിലെ അധ്യാപക അവാര്‍ഡിന് മൂവാറ്റുപുഴ പായിപ്ര ഗവ യു പി സ്‌കൂളിലെ കെ.എം. നൗഫല്‍ മാഷ് അര്‍ഹത നേടി. കോവിഡ് മഹാമാരിയുടെ കാലത്ത് അധ്യാപന രംഗത്ത് വ്യത്യസ്ഥ മാതൃകകള്‍ സൃഷ്ടിക്കുകയും ഓണ്‍ലൈന്‍ സംവിധാനത്തില്‍ വ്യത്യസ്ത സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി നടത്തുന്ന ക്ലാസുകളുമാണ് നൗഫല്‍ മാഷിനെ അധ്യപനരംഗത്ത് വ്യത്യസ്ഥനാക്കുന്നത്.

നൗഫല്‍ മാഷിന്റെ നേതൃത്വത്തില്‍ ഒന്ന്, രണ്ട് ക്ലാസുകളില്‍ ഭാഷാ പഠനം എളുപ്പമാക്കുന്നതിന് വേണ്ടി തയ്യാറാക്കിയ കുഞ്ഞു മലയാളം എന്ന പദ്ധതി കേരളത്തിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇപ്പോഴും പരിശീലനം നടത്തിവരുന്നു. നാലാം ക്ലാസില്‍ എഴുത്ത് വായനയില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്കായി മിന്നാമിന്നിക്കൂട്ടം എന്ന പേരിലുള്ള ട്രൈ ഔട്ട് ക്ലാസുകള്‍ അവധി ദിവസങ്ങളില്‍ സംഘടിപ്പിച്ചു വരുന്നു. ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് നല്‍കുന്ന പരിശീലനത്തില്‍ അധ്യാപകരും പങ്കാളികളാവുന്നു.

ഓണ്‍ലൈന്‍ പഠനത്തില്‍ രക്ഷിതാക്കളുടെ പങ്ക്, വീട് ഒരു വിദ്യാലയം എന്നീ വിഷയങ്ങളില്‍ മൊഡ്യൂള്‍ തയ്യാറാക്കി 70 വിദ്യാലയങ്ങളില്‍ ഇതിനോടകം തന്നെ രക്ഷതാക്കള്‍ക്ക് പരിശീലനം നല്‍കി വരുന്നു. വിവിധ ക്ലബ്ബുകളുടെ മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച കോഡിനേറ്ററായി ഈ വര്‍ഷം നൗഫല്‍ മാഷിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

കുട്ടികളിലെ സര്‍ഗ്ഗാത്മകത വളര്‍ത്തുന്നതിനായി സ്‌കൂളില്‍ ചങ്ങാതിക്കൂട്ടം എന്ന പരിപാടിയും പ്രൈമറി കുട്ടികള്‍ക്ക് പാടി രസിക്കാനായി നൂറുകണക്കിന് കുട്ടിപ്പാട്ടുകളും നൗഫല്‍ മാഷ് എഴുതിയിട്ടുണ്ട്. ടീച്ചേഴ്സ് ക്ലബ് കോലഞ്ചേരി എന്ന അധ്യാപക കൂട്ടായ്മയുടെ മുഖ്യസംഘാടകനായ നൗഫല്‍ മാഷ് പുസ്തകാസ്വാദന സദസ്, വെര്‍ച്വല്‍ ടൂര്‍ എന്നീ പരി പാടികളുടെ പ്രോഗ്രാം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. ഈ കോവിഡ് കാലത്ത് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള മൊഡ്യൂള്‍ നിര്‍മ്മാണം, തീരദേശത്തെ കുട്ടികള്‍ക്ക് വേണ്ടി വക്കം മൗലവി ഫൗണ്ടേഷന്‍ മൊഡ്യൂള്‍ നിര്‍മ്മാണം, ആദിവാസി പിന്നോക്ക മേഖലയിലെ കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ അമ്മയോടൊപ്പം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വിക്ടേഴ്സ് ചാനലില്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം ക്ലാസ്സെടുക്കുകയും മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. പായിപ്ര ഗവ.യുപി സ്‌കൂളില്‍ ടീച്ചര്‍ ഇന്‍ ചാര്‍ജായ നൗഫല്‍ മാഷിന്റെ നേതൃതത്തില്‍ വേറിട്ട രീതിയില്‍ ദിനാചരണ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ആയിരം വൃക്ഷ തൈകള്‍ വച്ച് പിടിപ്പിക്കുന്ന നന്‍മ മരം പദ്ധതി എന്നിവയും നടന്ന് വരുന്നു.

കൂടാതെ പായിപ്ര ഗവ.യുപി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ചലഞ്ചിലൂടെ വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുമായി ചേര്‍ന്ന് നടത്തിയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മാഷിന്റെ വിത്യസ്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സംസ്ഥാന അധ്യാപക അവാര്‍ഡ്.

ഭാര്യ ഷീന നൗഫല്‍ ഈസ്റ്റ് മാറാടി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ താല്‍ക്കാലിക ഹിന്ദി അധ്യാപികയാണ്. മക്കളായ അസീം മുഹമ്മദ് കോതമംഗലം മാര്‍ബേസില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും അസ മെഹറിന്‍ മുളവൂര്‍ എം എസ് എം എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമാണ്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.