
തിരുവനന്തപുരം>>സംസ്ഥാനത്ത് കോഴി വില കുത്തനെ ഉയര്‍ന്നു. കിലോയ്ക്ക് 160-165 രൂപയാണ് നിലവില്‍ കോഴിക്ക് ഈടാക്കുന്നത്. അതേസമയം കോഴിറച്ചിക്ക് 230 മുതല്‍ 265 രൂപവരെയാണ് ഈടാക്കുന്നത്. വില കൂടിയതോടെ കോഴി വില്‍പ്പനയിലും ഇടിവ് ഉണ്ടായിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കളെയും റീട്ടെയില്‍ കച്ചവടക്കാരെയും ഹോട്ടല്‍ ഉടമകളെയും കോഴി വിലയിലുണ്ടായ വര്‍ദ്ധനവ് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ചില ഹോട്ടലുകളില്‍ ഭക്ഷണത്തിന് പത്തുരൂപ വരെ കോഴി വിഭവങ്ങള്‍ക്ക് ഉയര്‍ത്തി. കോഴി വില ഉയര്‍ന്നു നില്ക്കുന്നതിനാല് ഭക്ഷണ ഇനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതായി ഹോട്ടല്‍ ഉടമകള്‍ ബോര്‍ഡ് പതിച്ചിട്ടുമുണ്ട്.
കോഴിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലാണ് കച്ചവടക്കാര്‍ ആവശ്യപ്പെടുന്നത്. ഒരു മാസത്തിനിടെ 40 രൂപയുടെ വര്‍ധനവാണ് കോഴി വിലയിലുണ്ടായത്. കിലോയ്ക്ക് 120 രൂപ നിരക്കില്‍ കച്ചവടം നടന്നിടത്തുനിന്നാണ് കോഴി വില 160 – 165 ലേക്ക് കുതിച്ചുയര്‍ന്നത്. ‘കോഴിക്കും കുഞ്ഞുങ്ങള്‍ക്കും മാത്രമല്ല കോഴിത്തീറ്റയ്ക്കും വില കുത്തനെ ഉയര്‍ന്നിരിക്കുകയാണെന്ന് കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഇറച്ചി കോഴിയെ വില്‍ക്കുന്ന കടയുടമ അഷ്റഫ് പറഞ്ഞു. കോഴിത്തീറ്റയ്ക്ക് 1400 രൂപയായിരുന്നത് 2100 രൂപയിലേക്ക് ഉയര്‍ന്നു. കോഴിക്കുഞ്ഞുങ്ങള്‍ക്ക് നേരത്തെ 10 രൂപയായിരുന്നു വില. ഇപ്പോഴിത് 50 രൂപയായി. ഇതോടെ കേരളത്തിലെ ചെറുകിട ഫാം ഉടമകള്‍ ഇറച്ചിക്കോഴി ഉത്പാദനം നിര്‍ത്തി. ഇറക്കുമതി കൂടിയതും ഇന്ധന വില ഉയര്‍ന്നതും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ചൂട് കൂടിയതും കോഴി ഉത്പാദനത്തെ പ്രതിസന്ധിയിലാക്കിയെന്ന് അഷ്റഫ് പറഞ്ഞു. കോഴി കുഞ്ഞുങ്ങള്‍ പെട്ടെന്ന് ചത്തു പോകുന്നതാണ് പ്രയാസം. ചൂടു നീണ്ടുനില്‍ക്കുമെന്നതിനാല്‍ വരുംദിവസങ്ങളിലും വില ഉയര്‍ന്നു തന്നെ നില്‍ക്കുമെന്നാണ് അഷ്റഫിന്റെ വിലയിരുത്തല്‍.