സോഷ്യല്‍ മീഡിയാ വഴി അപവാദ പ്രചരണം ; റാന്നി സ്വദേശികള്‍ക്കെതിരെ പത്തനംതിട്ട മീഡിയാ ഡി.ജി.പി ക്ക് പരാതി നല്‍കി

-

പത്തനംതിട്ട >>പത്തനംതിട്ട മീഡിയാ ന്യൂസ് പോര്‍ട്ടലിനെതിരെ അപകീര്‍ത്തികരവും തെറ്റിദ്ധാരണാജനകവുമായ പോസ്റ്റ്‌ സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിച്ചതിനെതിരെ ചാനല്‍ ഉടമകളായ ഈസ്റ്റിന്ത്യ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കി. പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്റര്‍ പ്രകാശ്‌ ഇഞ്ചത്താനത്തിന്റെ ചിത്രം ദുരുപയോഗം ചെയ്തുകൊണ്ട് “KERALA TIMES” എന്ന ഫെയിസ് ബുക്ക് ഗ്രൂപ്പിലൂടെയായിരുന്നു അപകീര്‍ത്തിപ്പെടുത്തല്‍. സുകുമാര്‍ ദാസന്‍ എന്ന അപരനാമധാരിക്കെതിരെയും  റാന്നി ചെത്തോങ്കര കാരക്കല്‍ വീട്ടില്‍ ബിനോയി. കെ.മാത്യുവിനെതിരെയുമാണ് പരാതി. ഫ്രണ്ട്സ് ഓഫ് ബിജിലി പനവേലി  പേജാണ് ഈ ഗ്രൂപ്പിന്റെ ഉടമ. റാന്നി പ്രദേശവാസികളാണ് കൂടുതലും ഗ്രൂപ്പിലെ അംഗങ്ങള്‍.

2021 ഡിസംബര്‍ 12 വൈകിട്ട് 5:32 നാണ് പരാതിക്കിടയാക്കിയ പരാമര്‍ശം കേരളാ ടൈംസ് എന്ന ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ സുകുമാര്‍ ദാസനും ബിനോയി കെ.മാത്യുവും  വ്യാപകമായി പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. മൌണ്ട് സീയോന്‍ ഗ്രൂപ്പിനുകൂടി ഉടമസ്ഥതയുള്ള വടശ്ശേരിക്കര ശ്രീ അയ്യപ്പാ മെഡിക്കല്‍ കോളേജിനെപ്പറ്റി പത്തനംതിട്ട മീഡിയ  ഉള്‍പ്പെട്ട ഓണ്‍ ലൈന്‍ മാധ്യമ സംഘടന (Online Media Chief Editors Guild. Reg. TC24/816/1) വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.  ഇതിന്റെ വൈരാഗ്യം മനസ്സില്‍ വെച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനത്തെയും  അപമാനിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഫെയ്സ് ബുക്ക് ഗ്രൂപ്പില്‍ വ്യാജമായ വിവരങ്ങള്‍ പോസ്റ്റ്‌ ചെയ്തതെന്നും  പരാതിയില്‍ പറയുന്നു.  ബിനോയി .കെ.മാത്യു റാന്നി ചെത്തോങ്കരയില്‍ മൌണ്ട് സിയോന്‍ മെഡിക്കല്‍ കോളേജിന്റെ പേരില്‍ ഒരു കോവിഡ്‌ ടെസ്റ്റിംഗ് ലാബ് നടത്തുകയാണ്. കൂടാതെ മൌണ്ട് സീയോന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ തരപ്പെടുത്തി നല്‍കുന്ന എജന്റ് കൂടിയാണ് ഇയാള്‍.

തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഫെയിസ് ബുക്ക് ഗ്രൂപ്പിലൂടെ ഉന്നയിച്ചിരിക്കുന്നതെന്നും   കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയാ എന്നും ഈസ്റ്റിന്ത്യ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ വ്യക്തമാക്കി. ആരുടേയും സ്വാധീനത്തിനു വഴങ്ങാതെ മുഖം നോക്കാതെയാണ് തങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടുമ്പോള്‍ അതില്‍ വിറളിപൂണ്ടിട്ടു കാര്യമില്ല. വാര്‍ത്തകള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ അത് ബോധിപ്പിക്കേണ്ട വേദികളുണ്ട്. നിയമപരമായി ആക്ഷേപം ബോധിപ്പിക്കേണ്ടതും പരിഹരിക്കേണ്ടതും അവിടെയാണ്. നടപടിക്രമങ്ങള്‍  ഇതായിരിക്കെ സോഷ്യല്‍ മീഡിയായിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതിനു പിന്നില്‍ റാന്നിയിലെ ചില കോണ്ഗ്രസ് നേതാക്കളാണെന്നും അവര്‍ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →