അനുജത്തിക്കുമുമ്പ് വിവാഹം കഴിച്ചതിന്റെ പേരില്‍ കുറ്റപ്പെടുത്തല്‍; യുവാവ് ജീവനൊടുക്കി പിന്നാലെ ഭാര്യയും

-

ചെന്നൈ>>അനുജത്തിയുടെ വിവാഹത്തിന് മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ കുറ്റപ്പെടുത്തിയതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. വിവരമറിഞ്ഞ് മനോവിഷമത്തില്‍ 21-കാരിയായ ഭാര്യയും ജീവനൊടുക്കി. മധുര അവണിയാപുരത്താണ് സംഭവം. ശിവഗംഗ സ്വദേശിയായ പ്രസാദ് (23), ഭാര്യ മുത്തുമാരി (21) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് അഞ്ചുമാസം പ്രായമുള്ള കുഞ്ഞുണ്ട്.

ഇരുവീട്ടുകാരുടെയും എതിര്‍പ്പിനിടെ ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ പ്രണയവിവാഹം. തുടര്‍ന്ന് അവണിയാപുരത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞയിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകള്‍ കാരണം മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഭാര്യ മുത്തുമാരിയെയും കുഞ്ഞിനെയും മുത്തുമാരിയുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി.

എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തില്‍ കടുത്ത മനോവിഷമത്തിലായിരുന്ന ഭാര്യ മുത്തുമാരി കഴിഞ്ഞദിവസം പ്രസാദിന്റെ ഷര്‍ട്ട് ധരിച്ച് പോക്കറ്റില്‍ ഫോട്ടോയുംവെച്ച് തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ അവണിയാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →