ശില്പി അപ്പുക്കുട്ടന്റെ ഓര്‍മ്മകളുമായി അയ്മുറി നന്ദിഗ്രാമം:ഇന്ന് പത്താം ചരമവാര്‍ഷികദിനം

-

പെരുമ്പാവൂര്‍>>ശില്പകലയില്‍ അദ്വിതീയനായിരുന്ന അപ്പുക്കുട്ടന്‍ പാലക്കുഴയുടെ ഓര്‍മ്മയിലാണ് ഇന്ന് അയ്മുറിയിലെ ബൃഹത് നന്ദിയും നന്ദിഗ്രാമവും. ഒരു നാടിനെയൊന്നാകെ ദുഖത്തിലാഴ്ത്തി അപ്പുക്കുട്ടന്‍ വിടപറഞ്ഞത് 2012 ജനുവരി പത്തിനാണ്. ആരെയും ആകര്‍ഷിക്കുന്ന തലയെടുപ്പോടെ 36 അടിയോളം ഉയരത്തില്‍ 42 ഃ 18 വിസ്തീര്‍ണ്ണത്തില്‍, എറണാകുളം ജില്ലയിലെ കൂവപ്പടി അയ്മുറി ശ്രീമഹാദേവക്ഷേത്രത്തില്‍ അപ്പുക്കുട്ടന്‍ അവസാനമായി ചെയ്തുവച്ച ‘ബൃഹത് നന്ദി’യെ കാണാന്‍ വിദേശീയരടക്കം ധാരാളം പേരെത്തുന്നുണ്ടിവിടെ

വിഖ്യാതശില്പി എന്‍. അപ്പുക്കുട്ടന്‍

. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴയായിരുന്നു സ്വദേശമെങ്കിലും ജീവിച്ചിരുന്ന കാലയളവില്‍ അപ്പുക്കുട്ടന് പെരുമ്പാവൂര്‍ സ്വന്തം നാടുപോലെയായിരുന്നു.

തൃപ്പൂണിത്തുറ ആര്‍.എല്‍.വി.യില്‍ നിന്നും ഡിപ്ലോമ ഇന്‍ ഫൈന്‍ ആര്‍ട്ട്‌സ്, ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ്, ജ്യോതിഷം, വാസ്തുവിദ്യ എന്നിവയില്‍ വേഴപ്പറമ്പ് നമ്പൂതിരിപ്പാടില്‍ നിന്ന് അനൗപചാരിക വിദ്യാഭ്യാസം അങ്ങനെ പോകുന്നു അപ്പുക്കുട്ടന്റെ അറിവുകളുടെ പട്ടിക.

ശില്പി അപ്പുക്കുട്ടന്‍ പെരുമ്പാവൂര്‍, കൂവപ്പടി അയ്മുറി ശ്രീമഹാദേവക്ഷേത്രത്തില്‍ നിര്‍മ്മിച്ച ബൃഹത് നന്ദി ശില്പം.

കോണ്‍ക്രീറ്റ്, ഗ്രാനൈറ്റ്, മാര്‍ബിള്‍, ഓട്, തടി എന്നിവയിലെല്ലാം ശില്പങ്ങള്‍ വഴങ്ങുമായിരുന്നു. ഇനാമല്‍, ജലഛായം, ചുമര്‍ച്ചിത്രങ്ങളില്‍ പ്രകൃതിദത്ത നിറങ്ങള്‍ ഇവയെല്ലാം ചെയ്യുമായിരുന്നെങ്കിലും ബൃഹദാകാരശില്പനിര്‍മ്മാണത്തില്‍ ആസക്തനായിരുന്നു അപ്പുക്കുട്ടന്‍.

1987-ല്‍ കൂത്താട്ടുകുളത്തിനടുത്ത് മീങ്കുന്നം സെയിന്റ് ജോസഫ് പള്ളിയങ്കണത്തില്‍, മൈക്കല്‍ ആഞ്ചലോയുടെ ‘പിയത്ത’യുടെ പുനഃസൃഷ്ടി നടത്തി, 36 അടി ഉയരത്തില്‍. 1993-ല്‍ ഡല്‍ഹിയിലെ ഉത്തരഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെയ്ത ശില്പങ്ങളും ശ്രദ്ധേയമായിരുന്നു. 2001-ലാണ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓടിലുള്ള പ്രതിമ പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ അദ്ദേഹം ചെയ്തത്.

1978 മുതല്‍ നീണ്ട കലാസപര്യയില്‍ നൂറുകണക്കായി ശില്പങ്ങളും റിലീഫുകളും ചുവര്‍ച്ചിത്രങ്ങളും. മഹാത്മാഗാന്ധി, ജവര്‍ലാല്‍നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, കെ. കരുണാകരന്‍, തുടങ്ങിയ ജനനായകന്മാരെയെല്ലാം അനശ്വരമാക്കിയ ശില്പങ്ങളും നിരവധി.

കൂത്താട്ടുകുളം മീങ്കുന്നം സെന്റ് ജോസഫ് പള്ളിയില്‍ അപ്പുക്കുട്ടന്റെ പിയെത്ത ശില്പം.

ഇതില്‍ 2001-ല്‍ പെരുമ്പാവൂരില്‍ നഗരസഭയ്ക്കവേണ്ടി നിര്‍മ്മിച്ചതാണ് ഇപ്പോള്‍ നഗരഹൃദയത്തില്‍ കാണുന്ന ഗാന്ധി ശില്പം. ശില്പങ്ങളുടെ മുഖഭാവങ്ങള്‍ സൂക്ഷ്മവും സജീവവുമാക്കിത്തീര്‍ക്കുക എന്നതായിരുന്നു അപ്പുക്കുട്ടന്റെ ശില്പങ്ങളുടെ പ്രധാന സവിശേഷത.

പാലക്കാട് കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ അപ്പുക്കുട്ടന്‍ നിര്‍മ്മിച്ച, വിശ്രുത കര്‍ണ്ണാടകസംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ വെങ്കലശില്പം.

ചിത്രങ്ങളും ശില്പങ്ങളും അപ്പുക്കുട്ടന്റെ മനസ്സില്‍ ‘ബൃഹദാകാരം’ പൂണ്ടിരുന്നു എന്നുള്ളതിന്റെ തെളിവാണ് അദ്ദേഹം നിര്‍മ്മിച്ചതിലേറെയും ഭീമാകാരങ്ങള്‍ ആയിരുന്നുവെന്നത്. ദീര്‍ഘകാലം കേരളത്തിനകത്തും പുറത്തും നിരന്തരം ശില്പവേലകള്‍ ചെയ്ത അപ്പുക്കുട്ടന്‍ സാംസ്‌കാരിക കേരളത്തിന്റെ ഒരു അവാര്‍ഡിനായും പരിഗണിയ്ക്കപ്പെട്ടില്ല.

അയ്മുറിയിലെ ബൃഹത് നന്ദി ശില്പം അനാവരണം ചെയ്ത ചടങ്ങില്‍ വച്ച് അയ്മനം ദേവസ്വത്തിന്റെ അന്നത്തെ പ്രസിഡന്റ് പി. എന്‍. ഗോവിന്ദന്‍ കര്‍ത്താ ശില്പി അപ്പുക്കുട്ടനെ പൊന്നാടചാര്‍ത്തി ആദരിച്ചപ്പോള്‍ (ഫയല്‍ ചിത്രം)

പുരസ്‌കാരങ്ങള്‍ക്ക് വേണ്ടി പുറകേ നടക്കുന്ന സമയം കൂടി ശില്‍പ്പങ്ങളുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി ചെലവാക്കാമെന്നായിരുന്നു ആ ശില്പിയുടെ നിശ്ചയം.

കെ. കരുണാകരന്‍ മുതല്‍ യേശുദാസ്, ജയവിജയന്മാര്‍ തുടങ്ങിയ മഹാപ്രതിഭകളുടെ വാത്സല്യ ഭാജനമായിരുന്നുവെങ്കിലും ശില്പങ്ങുടെ വലുപ്പം തലയ്ക്കുപിടിയ്ക്കാത്ത കലാകാരനായിരുന്നു അപ്പുക്കുട്ടന്‍. സൗഹൃദത്തില്‍ സ്ഥാനമാനങ്ങള്‍ക്കതീതമായി ചിന്തിയ്ക്കാന്‍ കഴിഞ്ഞതു കൊണ്ടാകാം എല്ലാവരും അപ്പുക്കുട്ടനെക്കുറിച്ച് ഇന്നും നല്ല ഓര്‍മ്മകള്‍ സൂക്ഷിയ്ക്കുന്നു. 2011-ഓഗസ്റ്റില്‍ പെരുമ്പാവൂരിലെ സുഹൃത്തുക്കളുടെ കൂട്ടായ്മ അപ്പുക്കുട്ടന് നല്‍കിയ ‘രാജശില്പി’ ജനകീയപുരസ്‌കാരം, അധികാരിസമൂഹം ആ പ്രതിഭാശാലിയോട് കാണിച്ച അവഗണനയോടുള്ള പ്രതിഷേധം കൂടിയായിരുന്നു.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →