ഗൃഹനാഥയെ കെട്ടിയിട്ട് മാലയും പണവും കവര്‍ന്ന ശേഷം കാലുതൊട്ട് മാപ്പുപറഞ്ഞ് 1000 രൂപ നല്‍കി

രാജി ഇ ആർ -

പത്തനംതിട്ട >>>പന്തളം കടക്കാട് പോലീസിനെ ഞെട്ടിച്ച മോഷണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയത്. പന്തളം നഗരസഭയ്ക്ക് കീഴിലെ ഏഴാം വാര്‍ഡില്‍ വരുന്ന കടക്കാട് പനാറയില്‍ ശാന്തകുമാരിയെ കെട്ടിയിട്ടശേഷമാണ് രണ്ടംഗ സംഘം മോഷണം നടത്തിയത്. സംഭവത്തില്‍ പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറെ നാടകീയമായ സംഭവങ്ങളാണ് ഇന്നലെ ഉച്ചയ്ക്കു മുന്‍പ് നടന്നത് എന്ന് ശാന്തകുമാരി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കടയ്ക്കാട് ഭദ്രകാളി ക്ഷേത്രത്തിലേക്ക് വാഴയില വെട്ടാന്‍ എന്ന പേരിലാണ് രണ്ടംഗസംഘം വീട്ടിലെത്തിയത്. വാഴയില വെട്ടുന്നതിന് ശാന്തകുമാരി അനുമതി നല്‍കി. തുടര്‍ന്ന് വാഴയില വെട്ടി മുറിക്കാന്‍ കത്തി വേണമെന്ന് ഇരുവരും ശാന്തകുമാരിയോട് ആവശ്യപ്പെട്ടു. ഉള്ളിലേക്ക് കയറി കത്തി എടുക്കാന്‍ പോയപ്പോഴാണ് അക്രമികള്‍ അപ്രതീക്ഷിതമായി ശാന്തകുമാരിയെ കയറിപ്പിടിച്ചത്. ഇരുകൈകളും കെട്ടിയിട്ട ശേഷമാണ് പ്രതികള്‍ മോഷണം നടത്തിയത്. നിലവിളിക്കാതിരിക്കാന്‍ വായില്‍ പൊത്തിപ്പിടിച്ചതായും പന്തളം പൊലീസിന് നല്‍കിയ മൊഴിയില്‍ ശാന്തകുമാരി വ്യക്തമാക്കി.

മൂന്ന് പവന്‍ വരുന്ന മാലയും മോതിരവും പ്രതികള്‍ അഴിച്ചെടുത്തതായി പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. ഇതിനുശേഷം വീട്ടിലെ അലമാരയുടെ താക്കോല്‍ ചോദിച്ചു വാങ്ങുകയായിരുന്നു. താക്കോല്‍ നല്‍കിയതോടെ ഇതിലുണ്ടായിരുന്ന 8000 രൂപ പ്രതികള്‍ എടുത്തു. തുടര്‍ന്ന് പ്രതികള്‍ മടങ്ങി പോവുകയായിരുന്നു.

മടങ്ങിപ്പോകാന്‍ തുടങ്ങിയപ്പോഴാണ് കയ്യിലെ കെട്ടഴിച്ച് നല്‍കണമെന്ന് ശാന്തകുമാരി പ്രതികളോട് തന്നെ ആവശ്യപ്പെട്ടത്. തിരിച്ച് എത്തിയ പ്രതികള്‍ ഇവരുടെ കൈയ്യിലെ കെട്ടഴിച്ച് നല്‍കി. കയ്യില്‍ മറ്റ് പണം ഒന്നുമില്ല എന്ന് ശാന്തകുമാരി അറിയിച്ചതോടെ 8000 രൂപയില്‍നിന്ന് ആയിരം രൂപ ശാന്തകുമാരിക്ക് തന്നെ മോഷ്ടാക്കള്‍ തിരിച്ചു നല്‍കിയതായും മൊഴിയില്‍ പറയുന്നു. പോകുന്നതിന് തൊട്ടുമുമ്ബ് പ്രതികള്‍ ശാന്തകുമാരിയുടെ കാല്‍തൊട്ടു തൊഴുതതായും ശാന്തകുമാരി പറയുന്നു.

സംഭവത്തില്‍ അവിശ്വസനീയമായ കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് പന്തളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. പ്രതികളെക്കുറിച്ച് ശാന്തകുമാരി പല സൂചനകളും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചുവരികയാണ്. പല കാര്യങ്ങളും വിശ്വസിക്കാനാവുന്നതല്ല എന്നും പോലീസ് പറഞ്ഞു. എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ല എന്ന് പറയാനും ആകില്ല. അതുകൊണ്ടുതന്നെ ഈ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക എന്നും പന്തളം പോലീസ് പറഞ്ഞു.

ഭര്‍ത്താവ് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ഏറെക്കാലമായി വീട്ടില്‍ ഒറ്റയ്ക്കാണ് ശാന്തകുമാരി കഴിഞ്ഞിരുന്നത്. 72 വയസ്സാണ് ഇവര്‍ക്കുള്ളത്. ഫോറന്‍സിക് പരിശോധനാ വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പ്രാദേശികമായി ഉള്ള മോഷ്ടാക്കള്‍ ആകാം സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പന്തളത്തു നടന്ന ചില ക്രിമിനല്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.