ഷാനവാസിന് മോഷ്ടിക്കാനിഷ്ടം ബദാമും അണ്ടിപ്പരിപ്പും , ജോലിചെയ്ത സ്ഥാപനത്തില്‍ നിന്ന് അടിച്ചുമാറ്റിയത് 70 ലക്ഷം രൂപയുടെ സാധനങ്ങള്‍

രാജി ഇ ആർ -

ആലുവ>>>പ്രമുഖ ഡ്രൈഫ്രൂട്ട്സ് ആന്‍ഡ് സ്പൈസസ് സ്ഥാപനത്തില്‍ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങള്‍ മോഷ്ടിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന കോഴിക്കോട് പന്തീരങ്കാവ് വെള്ളായിക്കോട് കേക്കായില്‍ വീട്ടില്‍ ഷാനവാസി (44 )നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ഥാപന ഉടമ സ്റ്റോക്ക് ക്ലിയറന്‍സുമായി ബന്ധപ്പെട്ട് ഗോഡൗണില്‍ സ്റ്റോക്ക് പരിശോധിച്ചപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ ബദാം, പിസ്താ, അണ്ടിപരിപ്പ്, ഏലക്ക തുടങ്ങിയ സാധങ്ങളുടെ കുറവ് കണ്ടതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പലപ്പോഴായി ഇയാള്‍ ചാക്ക് കണക്കിന് സാധനങ്ങള്‍ വാഹനത്തില്‍ കടത്തിയതായി കണ്ടെത്തി. ഒളിവില്‍ പോയ പ്രതിയെ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്തത്തില്‍ പ്രത്യേക ടീം രൂപീകരിച്ചാണ് കാസര്‍കോട് നിന്ന് പിടികൂടിയത്.

ആലുവ ഡിവൈ.എസ്.പി പി.കെ. ശിവന്‍കുട്ടി, എസ്.എച്ച്.ഒ സി.എല്‍. സുധീര്‍, എസ്.ഐ വിനോദ്, എ.എസ്.ഐ സോജി, സി.പി.ഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, ഹാരിസ്. അമീര്‍, രഞ്ജിത് തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.