തന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ഷാഹിദ കമാല്‍

രാജി ഇ ആർ -

തിരുവനന്തപുരം>>>തിരഞ്ഞെടുപ്പിന് പൂരിപ്പിച്ച് കൊടുക്കുന്ന നോമിനേഷന്‍ ഫോമുകളില്‍ അസത്യങ്ങള്‍ കാണുന്നത് സ്ഥാനാര്‍ത്ഥികളുടെ കുറ്റം കൊണ്ടല്ലെന്ന് വനിതാ കമ്മിഷന്‍ അംഗം ഷാഹിദാ കമാല്‍. തന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

കേരളത്തിലുടനീളം തിരഞ്ഞെടുപ്പില്‍ നോമിനേഷന്‍ ഫോം കൊടുത്തവരുടെ പരിശോധിച്ചാല്‍ അതില്‍ എന്തെല്ലാം അസത്യങ്ങള്‍ കാണാനാകും. താന്‍ കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോഴാണ് തിരഞ്ഞെടുപ്പിന് മത്സരിച്ചത്. നോമിനേഷന്‍ കൊടുക്കുന്നതിന്റെ തലേന്നാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. കാസര്‍ഗോഡും ചടയമംഗലത്തും അങ്ങനെയായിരുന്നു.

ഈ സമയത്ത് നമ്മളാരും നോമിനേഷന്‍ പേപ്പര്‍ കൈകൊണ്ട് പോലും തൊടാറില്ല. പാര്‍ട്ടിക്കാര്‍ പാര്‍ട്ടി ഓഫീസുകളില്‍ ഇരുന്നാണ് ഇത് പൂരിപ്പിക്കുന്നത്. അവര്‍ നമ്മളെ അറിയാവുന്നവരോട് ചോദിച്ച് അത് പൂരിപ്പിക്കും.

ജീവിതത്തില്‍ ഇതുവരെ തന്റെ പേരില്‍ രണ്ടരയേക്കര്‍ ഭൂമി ഉണ്ടായിരുന്നില്ല. 2011ലെ നോമിനേഷന്‍ പേപ്പര്‍ നോക്കിയാല്‍ അതില്‍ രണ്ടരയേക്കര്‍ വസ്തുവിന്റെ ഉടമയാണ് ഞാന്‍. അന്ന് ജയിച്ചിരുന്നെങ്കില്‍ ഇതെല്ലാം പ്രശ്‌നമായേനെ.

തന്റെ ജീവിതത്തില്‍ ഒരു പ്രതിസന്ധിവന്ന വേളയില്‍ കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാരും കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരുമാണ് ഭരിച്ചിരുന്നത്. ഈ സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍ ഞാന്‍ എ.ഐ.സി.സി മെമ്പര്‍ ഒക്കെയാണ്. അന്ന് എന്നെ ഇതുപോലെ ഏതെങ്കിലും കമ്മിഷനിലോ ബോര്‍ഡിലോ ഒക്കെ വച്ചിരുന്നെങ്കില്‍, അന്നത്തെ ഡി.സി.സി പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാനടക്കമുളള നേതാക്കള്‍ അന്ന് എനിക്ക് വേണ്ടി സംസാരിച്ചു.

പിന്നീട് എനിക്ക് മനസിലായി അന്ന് സരിത വിഷയമൊക്കെ പൊന്തി വരുന്ന സമയമാണ്. നേതാക്കളൊക്കെ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്ന് പക്വതയോടെ ചിന്തിക്കുമ്പോള്‍ ഞാന്‍ അത് തിരിച്ചറിയുന്നു. മാദ്ധ്യമ വേട്ടയൊക്കെ ഉണ്ടായിരുന്ന സമയത്താണ്. സ്വാഭാവികമായും എന്റെ കാര്യം ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അന്ന് വളരെ സങ്കടവും വിഷമവുമൊക്കെ തോന്നി.

രണ്ടാമത്തെ ഓപ്ഷന്‍ ഒരു ജോലിയായിരുന്നു. അന്ന് ജോലിക്ക് വേണ്ടി ശ്രമിച്ചപ്പോഴാണ് ഒരു ഡി.ഗ്രി ഇല്ലാത്തതിന്റെ നഷ്ടവും പ്രയാസവും തിരിച്ചറിയുന്നത്. മുന്നില്‍ വരുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ എന്ത് മാര്‍ഗമാണെന്ന് ചിന്തിച്ചു. അങ്ങനെയാണ് കൂടുതല്‍ പഠിക്കാന്‍ പോയത്. പഠിക്കുന്നതിന് സമയവും പ്രായവും ഉണ്ടോ എന്നും ഷാഹിദാ കമാല്‍ പ്രതികരിച്ചു.