എസ്എഫ്‌ഐക്കാരാല്‍ കൊല്ലപ്പെട്ട ഒരു കെഎസ്‌യുകാരന്റെ പേര് പറയാമോ സുധാകരനെ വെല്ലുവിളിച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം>>രാഷ്ട്രീയ കൊലപാതകത്തിന്റെ പേരില്‍ സിപിഎമ്മുംകോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ വെല്ലുവിളിച്ച് മന്ത്രി വി ശിവന്‍കുട്ടി . ക്യാംപസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ഒരു കെഎസ്‌യു പ്രവര്‍ത്തകന്റെ പേര് പറയാമോ എന്നാണ് ശിവന്‍കുട്ടിയുടെ ചോദ്യം. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വെല്ലുവിളിക്കുന്നുവെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. നൂറുകണക്കിന് കെഎസ്‌യു പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വം ആണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളത് എന്നാണ് സുധാകരന്‍ പറയുന്നത്.

പെരും നുണകളുടെ രാജാവാണ് കെ സുധാകരന്‍. 35 ധീര സഖാക്കള്‍ നഷ്ടമായ പ്രസ്ഥാനമാണ് എസ്എഫ്‌ഐ. ഇതില്‍ പന്ത്രണ്ട് പേരെ കൊന്നത് യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകരാണ്. ജനങ്ങളുടെ പൊതുബോധത്തില്‍ വിഷം കലക്കാനാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും ശ്രമിച്ചിട്ടുള്ളത് എന്ന് എസ്എഫ്‌ഐ പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തനിക്ക് വ്യക്തമായി പറയാന്‍ കഴിയും.

ഉമ്മന്‍ചാണ്ടി കെഎസ്‌യുവിനെ നയിച്ചിരുന്ന കാലത്ത് പൊലീസ് നടപടിക്കിടെ ഓടയില്‍ വീണു മരിച്ച ഗുജറാത്തി ആയ മുള്‍ജി, എങ്ങനെ രക്തസാക്ഷി എന്ന് കെഎസ്‌യു അവകാശപ്പെടുന്ന തേവര മുരളിയായത് എന്ന് മാധ്യമപ്രവര്‍ത്തകന്‍ എന്‍ എന്‍. സത്യവ്രതന്റെ ‘വാര്‍ത്ത വന്ന വഴി’ എന്ന പുസ്തകം വായിച്ചാല്‍ മനസിലാകും. ആരോഗ്യ പ്രശ്‌നങ്ങളാല്‍ മരിച്ച ഫോര്‍ട്ട് കൊച്ചിക്കാരനായ മുരളിയെ രക്തസാക്ഷി ആക്കിയ പാരമ്പര്യമാണ് സുധാകരന്റെ പ്രസ്ഥാനത്തിന് ഉള്ളത് .

മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ 1990 ല്‍ പുതിയവീട്ടില്‍ ബഷീര്‍ എന്ന കെഎസ്‌യുവിന്റെ മാഗസിന്‍ എഡിറ്ററെ തല്ലിക്കൊന്നത് കെഎസ്‌യുക്കാര്‍ തന്നെയാണെന്നത് കെ. സുധാകരന്‍ ഓര്‍ക്കണം. നാലു പതിറ്റാണ്ടു മുമ്പ് നീലക്കൊടി പാറിയിരുന്ന കേരളത്തിലെ കലാലയങ്ങളില്‍ കെഎസ്‌യു ഇല്ലാതായത് അവരുടെ കഠാര രാഷ്ട്രീയത്തിനെതിരായ വിദ്യാര്‍ഥികളുടെ നിലപാടു മൂലമാണ്. ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ അപമാനിക്കാനാണ് കെ സുധാകരന്‍ ശ്രമിക്കുന്നത്.

സുധാകരന്റെ മൗനസമ്മതത്തോടെയാണ് ഈ കൊലപാതകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ശിവര്‍കുട്ടി ആരോപിച്ചു. അതേസമയം, ഇടുക്കി എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. ധീരജിന്റെ മരണത്തില്‍ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്.തിരുവാതിര കളിച്ച് അവര്‍ ആഹ്ലാദിക്കുന്നു. സ്ഥലം വാങ്ങാന്‍ ആയിരുന്നു തിടുക്കമെന്നും കെ സുധീകരന്‍ ആരോപിച്ചു.

ഇടുക്കി എന്‍ജിനിയറിംഗ് കോളജില്‍ ദിവസങ്ങള്‍ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെഎസ്‌യുവിന്റെ വിജയം തടയാന്‍ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കോളേജില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →