LOADING

Type to search

കോഴിക്കോട് പെണ്‍വാണിഭകേന്ദ്രങ്ങളുടെ ഹബ്ബെന്ന് പോലീസ്

Latest News Local News News

കോഴിക്കോട്>>>കോഴിക്കോട് പെണ്‍വാണിഭകേന്ദ്രങ്ങളുടെ ഹബ്ബായി മാറുന്നതായി പോലീസ്. നഗരത്തില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ ലോഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് പോലീസിനു ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. സ്വകാര്യ ലോഡ്ജില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം വലിയ വിവാദവും മാധ്യമശ്രദ്ധയും തേടിയതോടെ ജില്ലയിലെ ഹിറ്റ് ലിസ്റ്റിലുള്ള ലോഡ്ജുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. പല ലോഡ്ജുകളും യാതൊരുമാനദണ്ഡവും പാലിക്കാതെയാണ് മുറികള്‍ വാടകയ്ക്കു നല്‍കുന്നത്.

കോവിഡ് കാലത്തുണ്ടായ വരുമാന നഷ്ടം കുറയ്ക്കാന്‍ ഈ രീതിയിലുള്ള സജ്ജീകരണമാണ് പല ലോഡ്ജുകളും ഉണ്ടാക്കികൊടുക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോഴിക്കോടു നടന്ന രണ്ടു ക്രൂര പീഡനങ്ങളും പോക്സോ കേസുകളും ജില്ലയിലെ പോലീസ് സംവിധാനത്തിനാകെ അവമതിപ്പുണ്ടാക്കിയിരിക്കുകയാണ്.

ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കോവിഡ് ഡ്യൂട്ടിയിലും മറ്റുമായതിനാല്‍ പോലീസ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാതായതോടെയാണ് അനാശാസ്യ സംഘങ്ങള്‍ പെരുകാന്‍ കാരണമായതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

ചേവായൂര്‍ പാറോപ്പടി ചേവരമ്പലം റോഡില്‍ വീട് കേന്ദ്രീകരിച്ചു നടത്തിവരികയായിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ അഞ്ചു പേരാണ് ഇന്നലെ അറസ്റ്റിലായത്.

ബേപ്പൂര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ് (32) ചേവായൂര്‍ തൂവാട്ട് താഴം വയലില്‍ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്നു സ്ത്രീകളുമാണ് അറസ്റ്റിലായത്.

കഴിഞ്ഞ മൂന്നു മാസക്കാലമായി ഇവിടെ പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ചേവരമ്പലം റോഡിലെ ഒരു വീടിനു മുകളില്‍ നരിക്കുനി സ്വദേശി ഷഹീന്‍ എന്നയാളാണ് വീട് വാടകക്കെടുത്തു പെണ്‍വാണിഭ കേന്ദ്രം നടത്തിയത്. ഇയാളെ പിടികിട്ടിയിട്ടില്ല.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നു പോലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം. ഇന്നലെ രാവിലെയാണ് പോലീസ് കേന്ദ്രം റെയ്ഡ് ചെയ്തത്. പെണ്‍വാണിഭ കേന്ദ്രം നടത്തിവന്നിരുന്ന ഷഹീന്‍ മുന്‍പും സിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരം ഏര്‍പ്പാട് നടത്തിയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

പ്രതികളായ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിരവധി ആളുകള്‍ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്നു മനസിലായി. ഇവരെ കൂടാതെ കൂടുതല്‍ സ്ത്രീകളെ ഷഹീന്‍ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ എത്തിച്ചിരുന്നതായും കണ്ടെത്തി.

പെണ്‍കുട്ടികളെ വലയിലാക്കാന്‍ സ്ത്രീകളെ തന്നെ ഉപയോഗപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ആദ്യം പെണ്‍കുട്ടികളോട് സംസാരിക്കുന്നത് ഇവരാണ്. നല്ല തുക തരാമെന്നു പറഞ്ഞു വവശീകരിക്കും. വരാന്‍ മടിക്കുന്നവരെ ആദ്യം സ്ഥലമെല്ലാം കാണിച്ചുനല്‍കും.

വിശ്വസ്തതയ്ക്കും സുരക്ഷയ്ക്കും വേണ്ടി കൂട്ടുകാരികള്‍ക്കൊപ്പം വരാനും പറയും. പിന്നെയാണ് കാര്യത്തിലേക്കു കടക്കുന്നത്. ഒന്നോ രണ്ടോ തവണ വന്ന് ഇനി വരില്ലെന്നു പറഞ്ഞാല്‍ പിന്നെ ഭീഷണിയായി. ഇതില്‍ ആരെങ്കിലും പരാതി പറയും എന്നു പറഞ്ഞാല്‍ മാത്രം പോലീസ് അറിയും. ഇല്ലെങ്കില്‍ പ്രശ്‌നം ഒതുക്കിതീര്‍ക്കും. അതാണ് അവസ്ഥ. കോവിഡ് കാലത്ത് തഴച്ചുവളര്‍ന്നത് ഇത്തരം കേന്ദ്രങ്ങളാണെന്നു പോലീസ് തന്നെ പറയുന്നു.

എലത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. എലത്തൂരിലെ വാടക വീട്ടില്‍ എത്തിയായിരുന്നു പ്രതികളായ മൂന്നുപേര്‍ കുട്ടിയെ പീഡിപ്പിച്ചത്. മൂന്നുപേരെയും അറസ്റ്റ് ചെയ്തെങ്കിലും ഇവരില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പോലീസിനെ പോലും അമ്ബരിപ്പിക്കുന്നതാണ്.

സോഷ്യല്‍ മീഡിയവഴി പ്രതികളില്‍ ഒരാള്‍ കുട്ടിയെ പരിചയപ്പെടുകയും പിന്നീട് മറ്റുള്ളവര്‍ക്കു പീഡിപ്പിക്കാന്‍ അവസരമൊരുക്കുകും ചെയ്യുകയായിരുന്നു. ഇതേ പാറ്റേണ്‍ തന്നെയാണ് പല സ്ഥലങ്ങളിലും അരങ്ങേറുന്നത്.

പിടിയിലാകുന്നവരില്‍ കൂട്ടുപ്രതികളുണ്ടെന്നതാണ് വസ്തുത. സംസ്ഥാനത്തിനുതന്നെ അപമാനമായി മാറിയ കൊല്ലം സ്വദേശിനിയായ യുവതിയെ(32) പ്രണയം നടിച്ചു വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി കോഴിക്കോട് ചേവരമ്ബലത്തെ സ്വകാര്യ ലോഡ്ജില്‍ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ലോഡ്ജ് ഉള്‍പ്പെടെ അടച്ചുപൂട്ടിച്ചിരുന്നു.

ടിക്ടോക്ക് വഴി പരിചയപ്പെട്ട കുട്ടിയെ ആസൂത്രിതമായി കോഴിക്കോട്ടേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. നാലു പേരെയും പിടികൂടാനായെങ്കിലും പോലീസ് നീരീക്ഷണം ശക്തമല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അസമയത്ത് ഇവിടെനിന്നു യുവതികളുടെ കരച്ചില്‍ കേട്ടവരുണ്ടെന്നതും പറയുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.