പട്ടിണി ചൂഷണം ചെയ്തുള്ള ഡല്‍ഹി കുട്ടിക്കച്ചവടത്തിന് പിന്നില്‍ വന്‍ സെക്‌സ് റാക്കറ്റുകള്‍

-

ന്യൂഡല്‍ഹി>> രാജ്യതലസ്ഥാനത്ത് നടക്കുന്ന കുട്ടിക്കച്ചവടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റുകള്‍. നവജാത ശിശുക്കളെ ലക്ഷ്യമിട്ട് ലക്ഷങ്ങളുടെ കടച്ചവടവും വില പേശലും നടക്കുന്നത്. അന്തര്‍സംസ്ഥാന ബന്ധമുള്ള ലോബിയാണ് കുട്ടികളെ വില്‍പ്പന നടത്തുന്ന സംഘത്തിന് പിന്നില്‍.

കഴിഞ്ഞ ദിവസം കുട്ടിക്കച്ചവടത്തില്‍ സജീവരായിട്ടുള്ള ആറ് സ്ത്രീകള്‍ പിടിയിലായിരുന്നു. 50 ഓളം കുട്ടികളെയാണ് ഈ കാലയളവിനിടെ സംഘം വില്പന നടത്തിയത്. ഇവരെ ചോദ്യം ചെയ്യുന്നതോടെ വില്‍പ്പനയുടെ കൂടുതല്‍ കാണാപ്പുറങ്ങള്‍ വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷ. ഈ മാസം 17-നാണ് കുട്ടികളെ വില്‍ക്കുന്ന സംഘത്തെക്കുറിച്ച് ഡല്‍ഹി പൊലീസിന് രഹസ്യവിവരം ലഭിക്കുന്നത്.

തുടര്‍ന്ന് സംഘത്തിലെ ചിലര്‍ ഒരു കുഞ്ഞിനെ വില്‍ക്കാന്‍ ഗാന്ധി നഗറിലേക്ക് വരുമെന്നായിരുന്നു വിവരം. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയപ്പോയാണ് മൂന്ന് സ്ത്രീകള്‍ പിടിയിലാകുന്നത്. അവര്‍ക്കൊപ്പം വില്‍പ്പനക്കായി കൊണ്ടുവന്ന 8 ദിവസം പ്രായമുള്ള ഒരു ആണ്‍കുട്ടിയുമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായി മറ്റു മൂന്ന് പേര്‍ കൂടി പൊലീസിന്റെ വലയിലായി.

പാവപ്പെട്ട കുടുംബങ്ങളിലെ ഗര്‍ഭിണികളെ തിരിച്ചറിഞ്ഞ് നിരന്തരമായി കുട്ടിയെ വിട്ടുകൊടുക്കാന്‍ പണം വാഗ്ദാനം ചെയ്യും. ചിലപ്പോള്‍ ഭീഷണിയും. ദാരിദ്രവും കടവും മൂലം ഇതിനെല്ലാം വഴങ്ങി പലരും സ്വന്തം കുട്ടികളെ കൈമാറുകയാണ്.

കുട്ടികളെ കൈമാറുന്നത് നിയമവിരുദ്ധമല്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പല ഇടപാടുകളും. ഒരു ലക്ഷം രൂപ നല്‍കിയാണ് മാതാപിതാക്കളില്‍ നിന്നും കുട്ടികളെ വാങ്ങുക. തുടര്‍ന്ന് ആവശ്യക്കാര്‍ക്ക് കുട്ടികളുടെ ചിത്രങ്ങള്‍ അയച്ചു നല്‍കുകയും ലക്ഷങ്ങള്‍ വിലപറഞ്ഞു കുട്ടികളെ വില്‍ക്കുകയും ചെയും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →