
പത്തനംതിട്ട >>>സീതത്തോട് സഹകരണ ബാങ്കില്‍ പുറത്താക്കപ്പെട്ട സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി ഭരണ സമിതി. തട്ടിപ്പ് നടത്തിയ തുക തിരിച്ചടിച്ചതായി കെ.യു ജോസ് വ്യാജരേഖ ഉണ്ടാക്കിയെന്ന ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടു. എന്നാല്‍ തട്ടിപ്പില്‍ ഒപ്പമുണ്ടായിരുന്ന വിരമിച്ച സെക്രട്ടറി എന്‍.സുഭാഷ് പണം തിരിച്ചടച്ചതിനാല്‍ സംഘടന നടപടി ഒഴിവാക്കിയെന്നാണ് സിപിഐഎം വിശദീകരണം.
സീതത്തോട് സഹകരണ ബാങ്കില്‍ 1.62 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിലാണ് സെക്രട്ടറി കെ.യു. ജോസിനെ സസ്പെന്‍ഡ് ചെയ്തത്. കോന്നി എംഎല്‍എയും സിപിഐഎം നേതൃത്വവും തന്നെ ബലിയാടാക്കുന്നുവെന്ന് ജോസ് ആരോപിച്ചു.
കെ.യു. ജോസും വിരമിച്ച മുന്‍ സെക്രട്ടറി എന്‍ സുഭാഷുമാണ് പണം അപഹരിച്ചതെന്നാണ് ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. കെ.യു ജോസ് ഒരു കോടി 56 ലക്ഷം രൂപ തിരിച്ചടച്ചതായി വ്യാജ രേഖ ഉണ്ടാക്കിയെന്നും ബാങ്ക് ഭരണ സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
ബന്ധുക്കളുടെ പേരില്‍ ബാങ്കില്‍ നിന്നുതന്നെ വായ്പ എടുത്താണ് എന്‍ സുഭാഷ് പണം തിരിച്ചടച്ചതെന്ന് ഭരണ സമിതി വ്യക്തമാക്കി. സുഭാഷ് സെക്രട്ടറിയായിരുന്ന കാലത്തെ തട്ടിപ്പ് പിടിക്കപ്പെട്ടിട്ടും ഇയാള്‍ക്കെതിരെ സംഘടന നടപടി ഉണ്ടായില്ല.
കെ.യു. ജോസിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ നടപടിക്ക് ബാങ്കുമായി ബന്ധമില്ലെന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ ഒഴിവാക്കിയാണ് ബാങ്ക് ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ വിതരണം ചെയ്തത്.
നിലവിലെ ഭരണ സമിതി അംഗങ്ങള്‍ക്കെതിരായ പരാമര്‍ശമുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സൂചന. കെ.യു ജോസിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ കെ.യു ജനീഷ് കുമാര്‍ എംഎല്‍എ യുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം ശക്തമാക്കിയിട്ടുണ്ട്.

Follow us on