LOADING

Type to search

വീടിന്റെ ആധാരം പോലും എന്റെയും കൂടെ പേരില്‍ ആണെന്ന് വരെ പറഞ്ഞിറക്കി; ആരോപണങ്ങളെക്കുറിച്ചും പുതിയ സന്തോഷത്തെക്കുറിച്ചും സീമ ജി നായര്‍

Latest News Local News News

പ്രഥമ മദര്‍ തെരേസ പുരസ്‌കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവച്ച് നടി സീമ ജി നായര്‍. നടി ശരണ്യയുടെ നാല്‍പത്തിയൊന്നാം ചരമദിനത്തിലാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇത് ശരണ്യയുടെ അനുഗ്രഹമായാണ് തനിക്ക് തോന്നിയതെന്ന് സീമ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

സംസ്ഥാനത്തെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായവര്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. ശരണ്യ ഉള്‍പ്പടെ ജീവിതത്തില്‍ ദുരിതമനുഭവിച്ച ഒരുപാട് പേര്‍ക്ക് താങ്ങായതിലൂടെയാണ് പുരസ്‌കാരം സീമയെത്തേടിയെത്തിയത്.

തനിക്കെതിരെ ഉണ്ടായ ആരോപണങ്ങളെക്കുറിച്ച് സീമ ജി നായര്‍ കുറിപ്പില്‍ പറയുന്നുണ്ട്. താന്‍ ശരണ്യയേയും കുടുംബത്തെയും സ്‌നേഹിച്ചത് ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നുവെന്നും, വീടിന്റെ ആധാരം പോലും തന്റെയും കൂടെ പേരില്‍ ആണെന്ന് വരെ ചിലര്‍ പറഞ്ഞിറക്കിയെന്നും നടി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് സെപ്റ്റംബര്‍ 21 ഏറ്റവും കൂടുതല്‍ ദു:ഖിക്കുന്ന ദിവസവും, സന്തോഷിക്കുന്ന ദിവസവും… ശരണ്യ ഞങ്ങളെ വിട്ടു പോയിട്ടു 41 ദിവസം ആകുന്നു.. ഇതേ ദിവസം തന്നെ എനിക്ക് ദു:ഖിതരും അശരണരുമായ സഹജീവികള്‍ക്ക് മാതൃവാത്സല്യത്തോടെ തണലൊരുക്കിയ മദര്‍ തെരേസയുടെ (അമ്മയുടെ) നാമധേയത്തില്‍ കൊടുക്കുന്ന പ്രഥമ പുരസ്‌കാരം എനിക്ക് കിട്ടുന്ന ദിവസം കൂടിയാണ്.. ഇന്നത്തെ ദിവസം തന്നെ ഇത് വന്നത് തികച്ചും യാദൃച്ഛികമാണ്…

‘കല’യുടെ ഭാരവാഹികള്‍ എന്നെ വിളിക്കുമ്‌ബോള്‍ എന്നോട് പറഞ്ഞത് ഒക്ടോബര്‍ 2 ആയിരിക്കും പുരസ്‌കാര ദാന ചടങ്ങ് എന്നാണ്.. പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്, 21 ന് തീരുമാനിച്ചു എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി.. ശരണ്യയുടെ ചടങ്ങിന്റെ അന്നു തന്നെ.. ഇത് അവളുടെ ബ്ലസ്സിങ് ആയാണ് എനിക്ക് തോന്നിയത്.. ഞാന്‍ അവളെയും കുടുംബത്തെയും സ്‌നേഹിച്ചതു ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു.. ഒരുപാട് കഥകള്‍ യഥേഷ്ടം ഇറങ്ങി, വീടിന്റെ ആധാരം പോലും എന്റെയും കൂടെ പേരില്‍ ആണെന്ന് വരെ പറഞ്ഞിറക്കി.. സത്യം അവളുടെ കുടുംബത്തിന് അറിയാമല്ലോ.. ഒരുപാട് കാര്യങ്ങളില്‍ വേദനിച്ച എനിക്ക് എന്റെ മകള്‍ തന്ന അനുഗ്രഹമായിരിക്കും ഇത്…

അതുപോലെ തന്നെ മദറിന്റെ അനുഗ്രഹവും.. ഞാന്‍ ചെറിയ ഒരു ദാസിയാണ്.. എന്റെ പരിധിക്കപ്പുറവും നിന്ന് ഞാന്‍ ചെയ്യുന്നുണ്ടു ഓരോന്നും.. കഴിഞ്ഞ ദിവസം ഇത് പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് കിട്ടിയ സ്‌നേഹം അത് ഞാന്‍ പ്രതീക്ഷിച്ചതിനും അപ്പുറമാണ്.. എന്റെ തൊഴിലിടത്തില്‍ നിന്നും എനിക്ക് കിട്ടിയ അഭിനന്ദനങ്ങള്‍ മറക്കാന്‍ പറ്റില്ല.. എന്റെ സഹപ്രവര്‍ത്തകര്‍ എന്തിനും കൂടെയുണ്ട് എന്നും പറഞ്ഞു വിളിച്ചപ്പോള്‍ ഇനിയും കുറെ ദൂരം മുന്നോട്ടു പോവാന്‍ ഉണ്ടെന്നു തോന്നുന്നു.. ഈ സ്നേഹവാക്കുകള്‍ക്കു എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.. മാതാ പിതാ ഗുരു ദൈവങ്ങള്‍ ഇതാണ് എന്റെ ശക്തി.. ഒന്നും പ്രതീക്ഷിച്ചിട്ടായിരുന്നില്ല ചെയ്തത് ഒന്നും.. ഇപ്പോള്‍ കിട്ടിയ ഈ പുരസ്‌കാരം എന്റെ മുന്നോട്ടുള്ള യാത്രക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്.. എന്നെ സ്‌നേഹിച്ച എല്ലാരോടും നന്ദിപറയുന്നതിനോടൊപ്പം ഈ പുരസ്‌കാരം ഞാന്‍ എന്റെ കുട്ടിക്ക് സമര്‍പ്പിക്കുന്നു ശരണ്യക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.