രണ്ടുഡോസ് വാക്‌സിന്‍ എടുത്തവരെപ്പോലും അതിര്‍ത്തി കടത്താതെ കര്‍ണാടക, കടുത്ത പ്രതിഷേധം, വഴിതടയല്‍;യാത്രക്കാര്‍ വലയുന്നു

രാജി ഇ ആർ -

തലപ്പാടി>>> കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കര്‍ണാടക പരിശോധന കര്‍ശനമാക്കിയതോടെ യാത്രക്കാര്‍ വലയുന്നു. രണ്ടുഡോസ് വാക്‌സിന്‍ എടുത്തവരെപ്പോലും അതിര്‍ത്തികടക്കാന്‍ കര്‍ണാടക പൊലീസ് അനുവദിക്കുന്നില്ല. എഴുപത്തിരണ്ടുമണിക്കൂറിന് മുമ്പെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിര്‍ത്തികടക്കാന്‍ അനുവദിക്കുന്നത്. രണ്ടു ഡോസ് വാക്‌സിന്‍ എഴുത്തവരെയും അതിര്‍ത്തി കടക്കാന്‍ അനുവദിക്കും എന്നാണ് കര്‍ണാടക ഇന്നലെ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് വാക്‌സിന്‍ എടുത്തവരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കുന്നില്ല. വാക്‌സിന്‍ എടുക്കുന്നത് സ്വയം പ്രതിരോധത്തിനാണെന്നും എന്നാല്‍ മറ്റുള്ളവര്‍ക്ക് രോഗം പകരുന്നത് ഒഴിവാക്കാനാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്നുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

നിയന്ത്രണം കര്‍ശനമാക്കിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. കേരളത്തിലേക്കുള്ള വാഹനങ്ങള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തടയുന്നുണ്ട്. ശക്തമായ പൊലീസ് സന്നാഹമാണ് തലപ്പാടി ചെക്‌പോസ്റ്റില്‍ കര്‍ണാടക ഏര്‍പ്പെടുത്തിരിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ചെക്‌പോസ്റ്റിലെത്തിയിട്ടുണ്ട്. മതിയാല്‍ രേഖകള്‍ ഇല്ലാത്തവരെ ഒരുകാരണവശാലും അതിര്‍ത്തി കടത്തില്ലെന്ന നിലപാടിലാണ് കര്‍ണാടക. പ്രതിഷേധിച്ച ചിലരെ പൊലീസ് അറസ്റ്റുചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്.

തലപ്പാടി ചെക്‌പോസ്റ്റില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് പരിശോധനാ കേന്ദ്രവും കര്‍ണാടക പൂട്ടി.ആവശ്യമുള്ളവര്‍ കേരളത്തില്‍ നിന്നുതന്നെ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്നാണ് അവരുടെ നിലപാട്.

വരുംദിവസങ്ങളില്‍ മറ്റ് അതിര്‍ത്തികളിലും പരിശോധന കര്‍ശനമാക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം, പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ യാത്രചെയ്യാന്‍ അനുവദിക്കുന്നുണ്ട്. ഹാള്‍ടിക്കറ്റ്, സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കാണിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് അതിര്‍ത്തികടക്കാന്‍ അനുവദിക്കുന്നത്.

വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാടും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും രണ്ടുഡോസ് വാക്‌സിന്‍ എടുത്തവരെയും അതിര്‍ത്തികടക്കാന്‍ അനുവദിക്കുന്നുണ്ട്. ചെക്‌പോസ്റ്റിനോട് ചേര്‍ന്ന് കൊവിഡ് പരിശോധനാ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് തമിഴ്നാടിന്റെയും തീരുമാനം.

കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെയാണ് തമിഴ്നാടും കര്‍ണാടകയും അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ഇന്നലെ മുതല്‍ അറിയിച്ചിരുന്നതാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിലും കര്‍ണാടക അതിര്‍ത്തിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.