സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന് ആരോപണം; പ്രതിഷേധവുമായി തീവ്രവലതുപക്ഷ സംഘടനകള്‍

മാണ്ഡ്യ>>സ്വകാര്യ സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന ആരോപണവുമായി തീവ്രവലതുപക്ഷ അനുഭാവികള്‍. കര്‍ണാടകയിലെ മാണ്ഡ്യയിലെ പാണ്ഡവപുരയിലെ നിര്‍മ്മല ഇംഗ്ലീഷ് ഹൈ സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷമാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. കുട്ടികളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്താനുള്ള നീക്കമാണെന്നും അതിലൂടെ മതപരിവര്‍ത്തനമാണ് സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന് പിന്നിലെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

23 ഡിസംബറിന് നടന്ന ആഘോഷപരിപാടിയിലേക്ക് 30 മുതല്‍ 40 പേരടങ്ങുന്ന ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരാണ് സംഘടിച്ചെത്തിയത്. കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളില്‍ കുട്ടികളെ ക്രിസ്തുമസ് അപ്പൂപ്പന്റെ വേഷമണിയിച്ചതിന്റെ പിന്നിലും ഗൂഡലക്ഷ്യമുണ്ടെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സ്‌കൂളിലേക്കെത്തിയ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ജീവനക്കാരുമായി രൂക്ഷമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. നിങ്ങള്‍ കുട്ടികളെ മതം മാറ്റുകയാണോ? സ്‌കൂളില്‍ പഠിക്കുന്ന ഹിന്ദു വിദ്യാര്‍ത്ഥികളുടെ എണ്ണമെന്ത്രയാണ് എന്നെല്ലാം തിരക്കി സ്‌കൂള്‍ ജീവനക്കാരോടെ ആക്രോശിക്കുന്ന ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതത്തിന്റെ പേരിലുള്ള വ്യത്യാസം കാണാറില്ലെന്ന അധ്യാപികമാരുടെ മറുപടിയില്‍ തൃപ്തരാവാതെ ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയായിരുന്നു. കര്‍ണാടകയില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് നേരെ സമാനമായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മാണ്ഡ്യയിലെ സംഭവവും നടക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്റ് ജോസഫ് പള്ളിക്ക് നേരെയും കഴിഞ്ഞ ദീവസം ആക്രമണം നടന്നിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →