ശശീന്ദ്രനെ സംരക്ഷിക്കുന്നത് വഴി പിണറായി നല്‍കുന്ന സന്ദേശമെന്തെന്ന് പരാതിക്കാരിയായ യുവതി

രാജി ഇ ആർ -

തിരുവനന്തപുരം>>> മുഖ്യമന്ത്രിയുടെ നിലപാട് വേദനിപ്പിച്ചുവെന്ന് ഫോണ്‍വിളി വിവാദത്തിലെ പരാതിക്കാരിയായ യുവതി. മന്ത്രിക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രി ശശീന്ദ്രനൊപ്പം നില്‍ക്കുകയാണെന്നും മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യുവതി വ്യക്തമാക്കി. മന്ത്രിയെ സംരക്ഷിക്കുന്നത് വഴി പിണറായി നല്‍കുന്ന സന്ദേശമെന്താണെന്നും കുണ്ടറയിലെ പരാതിക്കാരി ചോദിച്ചു.

അതേസമയം, ഫോണ്‍ വിളി വിവാദത്തില്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ശശീന്ദ്രനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തില്ലെന്നും വിഷയത്തില്‍ മാദ്ധ്യമങ്ങളിലൂടെയുള്ള വിവരങ്ങള്‍ മാത്രമേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികതയില്ലെന്നും കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ രാജിവയ്ക്കേണ്ടതില്ലെന്നുമുള്ള നിരീക്ഷണം സി പി എം നേരത്തെ നടത്തിയിരുന്നു.

ആരോപണങ്ങളില്‍, മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശശീന്ദ്രന്‍ അദ്ദേഹത്തിന് വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ശശീന്ദ്രന്‍ രാജിവയ്ക്കേണ്ടെന്ന നിലപാടാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. ഇതിനുപിന്നാലെയാണ് പരാതിക്കാരിയായ യുവതി മാദ്ധ്യമങ്ങളെ കണ്ടത്.