‘സരസമ്മയെപ്പോലെ നന്മയുള്ള അമ്മമാര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്’

തിരുവൈരാണിക്കുളം>> ആലുവ തിരുവൈരാണിക്കുളത്ത് വര്‍ഷത്തിലൊരിയ്ക്കല്‍ പത്തു ദിനങ്ങള്‍ മാത്രം നടക്കുന്ന ശ്രീപാര്‍വ്വതിദേവിയുടെ നടതുറപ്പുത്സവത്തിന് വന്ന് തൊഴുതു പോകുന്ന ഭക്തസഹസ്രങ്ങളില്‍ മറ്റു പലര്‍ക്കും തോന്നാത്തൊരു ചേതോവികാരവുമായാണ് കാലടി മറ്റൂരിലെ ചേരാമ്പിള്ളിയില്‍ സരസമ്മ
ഇത്തവണ ക്ഷേത്രത്തില്‍ തൊഴാനെത്തിയത്. സരസമ്മയും ഇരട്ടകളായ രണ്ടു പെണ്‍മക്കളും ഒരു മകനും അടങ്ങിയ കുടുംബത്തിന്റെ അത്താണിയായിരുന്ന ഭര്‍ത്താവ് 16 വര്‍ഷം മുമ്പ് മരിച്ചതാണ്.

പിന്നീടിങ്ങോട്ട് കഷ്ടപ്പാടിന്റെ കാലമായിരുന്നു.ചുമലില്‍ ജീവിതഭാരവുംപേറി ജീവിയ്ക്കുമ്പോള്‍ ഭാഗ്യം തുണച്ച് ഒരു സര്‍ക്കാര്‍ ജോലി കിട്ടി, ആരോഗ്യവകുപ്പില്‍ അറ്റന്ററായി. ആ വരുമാനത്തിലൊതുങ്ങി നിന്ന് ഇരട്ടക്കുട്ടികളെ കല്യാണം കഴിച്ചയച്ചു. മറ്റാരും ആശ്രയമില്ലാതെ സാമ്പത്തിക പ്രാരബ്ദ്ധങ്ങളുടെ നടുക്കയത്തില്‍ നില്‍ക്കുമ്പോള്‍ സാമ്പത്തികമില്ലാതെ കുട്ടികളെ കെട്ടിച്ചയക്കാന്‍ ബുദ്ധിമുട്ടുന്ന നിര്‍ദ്ധനരായ മറ്റുമാതാപിതാക്കളുടെ കഷ്ടപ്പാടുകളെക്കുറിച്ചാലോചിക്കുമായിരുന്നു. തന്റെ പെണ്മക്കളുടെ മംഗല്യഭാഗ്യത്തിനായി തിരുവൈരാണിക്കുളത്ത് എല്ലാവര്‍ഷവും പതിവായി വന്ന് പ്രാര്‍ത്ഥിയ്ക്കുമായിരുന്ന സരസമ്മയ്ക്ക് ഇരട്ട ഭാഗ്യമാണ് കൈവന്നത്.

പെണ്മക്കളെ നല്ലരീതിയില്‍ കെട്ടിച്ചയക്കാന്‍ കഴിഞ്ഞെന്നതു മാത്രമല്ല മകന് വിദേശത്ത് തരക്കേടില്ലാത്ത ഒരു ജോലിയും തരപ്പെട്ടു. പിന്നീടുള്ള ചിന്ത മകന്റെ വിവാഹത്തെക്കുറിച്ചായി. തിരുവൈരാണിക്കുളം ക്ഷേത്രം ട്രസ്റ്റ് നിര്‍ദ്ധനയുവതി
കളുടെ വിവാഹത്തിനായി സ്വരൂപിയ്ക്കുന്ന മംഗല്യനിധിയെക്കുറിച്ച് കേട്ടറിഞ്ഞ സരസമ്മ ഇത്തവണത്തെ വരവില്‍ ഒന്നു തീരുമാനിച്ചുറപ്പിച്ച് നടപ്പിലാക്കു
കയായിരുന്നു. കുടുംബത്തിലെ എല്ലാവരുടെയും പിന്തുണയോടെ തന്റെ മകന്റെ വിവാഹത്തിനായി ചെലവാക്കാനുദ്ദേശിച്ച തുകയുടെ പകുതി മംഗല്യനിധിയിലേക്ക് സംഭാവന ചെയ്താണ് സരസമ്മ മാതൃകയായത്.

കല്യാണച്ചെലവിലേയ്ക്കായി മകനയച്ചു കൊടുത്തതിന്റെ പാതി പങ്കാണ് ക്ഷേത്രം ട്രസ്റ്റിനു കൈമാറിയത്. രണ്ടു പെണ്മക്കളുടെ കൈപിടിച്ചു കൊടുത്ത നിര്‍വൃതിപോലൊന്ന് താനനുഭവിച്ചതായി സരസമ്മ പറഞ്ഞു. ഏതെങ്കിലുമൊരു പാവപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിന് താലിയോ പുടവയോ ആയി തന്റെ എളിയ സംഭാവന മാറുമെന്നതു തന്നെയാണ് മനസ്സിന്റെ നിര്‍വൃതിയെന്നും ആ അമ്മ കൂട്ടിച്ചേര്‍ത്തു.

കാലടി മറ്റൂര്‍ ചേരാമ്പിള്ളിയില്‍ സരസമ്മ തിരുവൈരാണിക്കുളം ക്ഷേത്രസന്നിധിയില്‍.

About കൂവപ്പടി ജി ഹരികുമാർ

View all posts by കൂവപ്പടി ജി ഹരികുമാർ →