സഞ്ജുവിന് വിവാഹാശംസകള്‍ അര്‍പ്പിച്ച് തരൂര്‍;”പിടി തോമസിനെ മറന്ന ശശി തരൂര്‍”

തിരുവനന്തപുരം:സംസ്ഥാനത്തെകോണ്‍ഗ്രസ് കുടുംബം പിടി തോമസിന്റെ വേദനയില്‍ നില്‍ക്കുമ്പോള്‍ ശശി തരൂര്‍ എംപിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിലെത്തിയത് ക്രിക്കറ്റര്‍ സഞ്ജു സാംസണിന്റെ വിവാഹ വാര്‍ഷിക ആശംസ.രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ.സഞ്ജുവും ഭാര്യയും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രവുമായി ആശംസ. ഇതു പക്ഷേ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് പിടിച്ചില്ല. പിടി തോമസിനെ മറന്ന ശശി തരൂരിനെ അവര്‍ തിരുത്തിച്ചു.

പിടിയുടെ മരണ വാര്‍ത്ത കമന്റായി കുറിച്ചു. പിന്നാലെ പിടിക്കും തരൂര്‍ അനുശോചന സന്ദേശം ഇട്ടു. പക്ഷേ വലിയ വിമര്‍ശനമാണ് സഞ്ജുവിന്റെ വിവാഹ വാര്‍ഷിക ആശംസയ്ക്ക് താഴെ കോണ്‍ഗ്രസ് അണികള്‍ കുറിച്ചത്. ആരായിരുന്നു പിടി തോമസ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പുകള്‍. തരൂരിനെതിരെ അതിശക്തമായ വിമര്‍ശനങ്ങളും.

തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു പിടിയുടെ വേര്‍പാട്. വെല്ലൂര്‍ ആശുപത്രിയില്‍ ദിവസങ്ങളായി ജീവനു വേണ്ടിയുള്ള മല്ലിടല്‍. ഇന്ന് രാവിലെയാണ് പിടി വിടവാങ്ങിയത്. ഈ വാര്‍ത്ത ചാനലുകള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്തു തുടങ്ങി ഏറെ സമയത്തിന് ശേഷമാണ് സഞ്ജുവിന് ആശംസയുമായി തരൂര്‍ എത്തിയത്.

അറിവും വിവേകവും…. അത് രണ്ടും രണ്ടാണെന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് നേതാവെ നിങ്ങള്‍…. കഷ്ടം…, പറയാതെ വയ്യ. കഷ്ടമാണ്.. ഈയൊരു പോസ്റ്റ് അനവസരത്തില്‍ ഉള്ളതായിപ്പോയി……, പിടി തോമസ് എന്ന ഒരു നേതാവ് മരണപ്പെട്ട വിവരം അറിഞ്ഞോ?? അത് കഴിഞ്ഞ് പോരെ സഞ്ജുവിന് ആശംസകള്‍ അറിയിക്കല്‍. വളരെ മോശം ?? ഈ പാര്‍ട്ടിയോട് എന്തെങ്കിലും കൂറ് ഉണ്ടോടോ തനിക്ക്?? ഒരു സാധാരണ പ്രവര്‍ത്തകനെ സംബന്ധിച്ച് ഈ ഒരു പോസ്റ്റ് ഈ സമയത്ത് അശ്ലീലം എന്നല്ലാതെ വേറൊന്നും പറയാന്‍ ഇല്ല.-ഇങ്ങനെ പോകുന്നു തരൂരിനുള്ള വിമര്‍ശനങ്ങള്‍. തരൂരിന്റെ കമന്റ് ബോക്സിലാകെ ഈ പ്രതിഷേധമാണ്.

നിലപാടുകളുടെ മതേതര മൂല്യങ്ങളുടെ പ്രകൃതിസ്നേഹത്തിന്റെ ആദര്‍ശ സംശുദ്ധ രാഷ്ട്രീയത്തിന്റെ തമ്പൂരാന്‍ പി. ടി.തോമസ് എം എല്‍ എ വിട പറഞ്ഞത് വിശ്വനായകന്‍ അറിഞ്ഞില്ല എന്ന് തോന്നുന്നു.
അതോ മരണപ്പെട്ടത് വിശ്വാസമില്ലാത്തതിനാല്‍ പഠിച്ചിച്ച ശേഷം അനുശോചിക്കാമെന്ന് കരുതിയിട്ടാണോ?-അതിശക്തമായ ഭാഷയിലാണ് വിമര്‍ശനം. ഞാന്‍ കോണ്‍ഗ്രസുകാരനല്ല എന്നാലും പറയട്ടെ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് പിടി തോമസ് മരണപട്ടിട്ട് ഒരു അനുശോചനം അറിയിച്ച് ഒരു പോസ്റ്റ് ആയിരുന്നു ഈ അവസരത്തില്‍ വേണ്ടത്-കമന്റുകള്‍ ഇങ്ങനെ നീളുന്നു.

എന്തായാലും ശശിതരൂരിനെ പൊങ്കാലയുമായി കോണ്‍ഗ്രസ് നേതാക്കളും.വകതിരിവ് വട്ടപൂജ്യമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ശശി തരൂരിനെ കൊല്ലാതെ കൊല്ലുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →