LOADING

Type to search

തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍

Latest News Local News News

തിരുവനന്തപുരം>>>തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയിലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അന്താരാഷ്ട്ര ചലച്ചിത്രമേള നടത്താന്‍ തന്നെയാണ് തീരുമാനം. നടത്തിപ്പില്‍ കൂടിയാലോചനകള്‍ വേണമെന്നും സജി ചെറിയാന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ കൊവിഡിനെ തുടര്‍ന്ന് ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി നാല് മേഖലകളിലായാണ് ചലച്ചിത്ര മേള നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികള്‍.

എന്നാല്‍ ടിപിആര്‍ കുറഞ്ഞാല്‍ മാത്രമേ തീയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നേരത്തെ അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ ടിപിആര്‍ ശതമാനം കണക്കിലെടുത്തും മാനദണ്ഡങ്ങള്‍ അനുസരിച്ചും തീയേറ്ററുകള്‍ തുറക്കുന്നത് പരിഗണനയിലാണ്. വിനോദ നികുതിയില്‍ ഇളവ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലെന്നും മന്ത്രി വ്യക്തമാക്കി.

ഓണത്തിന് മുന്‍പ് തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തീയേറ്ററുകള്‍ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് ഇവര്‍ സര്‍ക്കാരിനെ അറിയിച്ചത്. അതേസമയം ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റര്‍ തുറക്കുന്നതിനായി കാത്തിരിക്കുന്നത്.

അതേസമയം ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) ഡിസംബര്‍ 10 മുതല്‍ 17 വരെ നടക്കും. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് മാത്രമായാണ് മേള നടക്കുക. ഡിസംബറില്‍ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മേളയുടെ നടത്തിപ്പ്.

അന്താരാഷ്ട്ര മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് സിനിമകള്‍ സമര്‍പ്പിക്കാവുന്നത്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുകയെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.