Type to search

റൂറല്‍ പോലീസ് ഇടപെടല്‍;വിദ്യാര്‍ത്ഥിനിക്ക് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ തുക തിരികെ കിട്ടി

police news

പെരുമ്പാവൂര്‍>>>റൂറല്‍ പോലീസ് ഇടപെട്ടു, വിദ്യാര്‍ത്ഥിനിക്ക് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ ഒരു ലക്ഷത്തി പതിനാലായിരം രൂപ തിരികെ കിട്ടി. കഴിഞ്ഞ ജൂണ്‍ മാസമാണ് പറവൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ആമസോണ്‍ വഴി 1,14,700 രൂപയുടെ ലാപ്പ്‌ടോപ്പ് ബുക്ക് ചെയ്തത്.

അമ്മയുടെ അക്കൗണ്ടില്‍ നിന്നും പണവും നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ പാഴ്‌സലുമെത്തി. പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോള്‍ ഉത്തരേന്ത്യയിലെ വേസ്റ്റ് പേപ്പറുകള്‍ മാത്രമാണുണ്ടായിരുന്നത്.

പാഴ്‌സല്‍ തുറക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നു. ഫോട്ടോയും എടുത്തു. ഇത് വച്ച് ആമസോണില്‍ പരാതിപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് വിദ്യാര്‍ത്ഥി ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കിയത്.

എസ്.പിയുടെ നേതൃത്വത്തില്‍ ആലുവ സൈബര്‍ പോലിസ് സ്റ്റേഷനിലെ പ്രത്യേക സംഘം കേസ് അന്വേഷിച്ചു. ആമസോണിനു വേണ്ടി ലാപ്പ്‌ടോപ്പ് നല്‍കിയത് ഹരിയാനയില്‍ നിന്നുള്ള ഒരു സ്വകാര്യ കമ്പനിയാണെന്ന് സംഘം കണ്ടെത്തി. ഈ കമ്പനി കൃഷി – ഹെര്‍ബല്‍ സംബന്ധമായ ഉല്‍പന്നങ്ങളുടെ വില്‍പന നടത്തുന്ന സ്ഥാപനമാണ്.

കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും ആദ്യം അവര്‍ സമ്മതിച്ചില്ല. ശാസ്ത്രീയ അന്വേഷണങ്ങളുടെയും, തെളിവുകളുടേയും വെളിച്ചത്തില്‍ നടപടിയുമായി മുന്നോട്ടു പോകുന്നതിനിടയില്‍ ലാപ് ടോപ്പിന് അടച്ച തുക വിദ്യാര്‍ത്ഥിനിക്ക് തിരികെ നല്‍കാമെന്ന് പറയുകയും കഴിഞ്ഞ ദിവസം അക്കൗണ്ടില്‍ നിക്ഷേപിക്കുകയുമായിരുന്നു.

സൈബര്‍ എസ്.എച്ച് ഒ എം.ബി ലത്തീഫ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി.എം തല്‍ഹത്ത് തുടങ്ങിയവരാണ് അന്വഷണ സംഘത്തിലുള്ളത്. തുടര്‍ നടപടികളുമായി മുന്നോട് പോകുമെന്ന് എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.