വിവാഹം കഴിക്കണം, ജാമ്യം അനുവദിക്കണം; ഇരയ്ക്ക് പിന്നാലെ പ്രതിയായ മുന്‍ വൈദികനും സുപ്രീം കോടതിയെ സമീപിച്ചു

രാജി ഇ ആർ -

ന്യൂഡല്‍ഹി>>>ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചു. റോബിന്‍ വടക്കുംചേരിയുടെ ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ്മാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും.

റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇര കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നാലുവയസുകാരനായ തങ്ങളുടെ മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്‌ബോള്‍ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി നല്‍കിയത്.

വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വികാരിയായിരിക്കെ 2016ലാണ് പെണ്‍കുട്ടിയെ റോബിന്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.