കൊട്ടിയൂര്‍ കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ല; വിവാഹത്തിനും അനുമതിയില്ല; ഹര്‍ജികള്‍ സുപ്രീംകോടതി തളളി

രാജി ഇ ആർ -

ന്യൂഡല്‍ഹി>>>കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന ആവശ്യവും കോടതി നിരാകരിച്ചു. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. റോബിന്‍ വടക്കുംചേരിക്കും പെണ്‍കുട്ടിക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

പെണ്‍കുട്ടിയെ വിവാഹം ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് റോബിന്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയും ഹര്‍ജി നല്‍കിയിരുന്നു. ജസ്റ്റിസ് വിനീത് ശരന്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷ തള്ളിയത്.

ഇരയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പ്രതി റോബിന്‍ വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ഹൈക്കോടതിയെ കരുവാക്കി ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് വൈദികന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചത്.

എന്നാല്‍, പ്രതിക്ക് ജാമ്യം ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായായ, ഇപ്പോള്‍ 18 തികഞ്ഞ പെണ്‍കുട്ടി രണ്ട് ദിവസം മുമ്ബ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രതിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്.

ഇതിനുപിന്നാലെ, കഴിഞ്ഞ ദിവസം കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ വൈദികനും 51 കാരനുമായ റോബിന്‍ വടക്കുംചേരിയും വിവാഹം കഴിക്കുന്നതിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വിചാരണക്കോടതി വൈദികനെ ശിക്ഷിക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീലില്‍, ഉപ ഹര്‍ജിയിലാണ് ജാമ്യം തേടിയത്. പെണ്‍കുട്ടിയേയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും വിവാഹത്തിന് പെണ്‍കുട്ടിയുടെ സമ്മതമുണ്ടെന്നും വിവാഹത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്.

ഹൈക്കോടതി ആവശ്യം തള്ളിയ സാഹചര്യത്തിലാണ് പ്രതിയും ഇരയും സുപ്രീം കോടതിയെ സമീപിച്ചത്. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസില്‍ ഡി എന്‍ എ ടെസ്റ്റ് ഉള്‍പ്പെടെ നടത്തിയാണ് കുറ്റകൃത്യം തെളിയിച്ചത്.

ഇതിനിടെ, ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പെണ്‍കുട്ടിയുടെ അച്ഛനില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. റോബിനെ വൈദിക വൃത്തിയില്‍ നിന്ന് സഭ പുറത്താക്കിയിരുന്നു. കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ഇരുപത് വര്‍ഷം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയുമാണ് തലശേരിയിലെ വിചാരണക്കോടതി വിധിച്ചത്.