സഹകരണ ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് വന്‍ മോഷണം; പൊന്നും പണവും തട്ടിയെടുത്തു, നഷ്ടമായത് ഏഴ് കിലോയോളം സ്വര്‍ണമെന്ന് വിവരം

രാജി ഇ ആർ -

പാലക്കാട് >>>ചന്ദ്രനഗറിലെ സഹകരണബാങ്കില്‍ വന്‍ മോഷണം. ബാങ്ക് ലോക്കര്‍ തകര്‍ത്ത മോഷ്ടാക്കള്‍ ലോക്കറിനുളളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കൊണ്ടുപോയി. ഏകദേശം ഏഴ് കിലോയോളം സ്വര്‍ണം നഷ്ടമായെന്നാണ് വിവരം. മരുതറോഡ് സഹകരണ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് വന്‍ കവര്‍ച്ച നടന്നത്.

സ്ട്രോംഗ് റൂമിലെ അഴികളെല്ലാം ഗ്യാസ് കട്ടറുപയോഗിച്ച് അറുത്ത് നീക്കിയ ശേഷം സൂക്ഷിച്ചിരുന്ന പണവും ആഭരണവും മോഷ്ടാക്കള്‍ എടുക്കുകയായിരുന്നു. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. ബാങ്കില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുളള എല്ലാം മോഷ്ടാക്കള്‍ കൊണ്ടുപോയി.

ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണായതിനാല്‍ ബാങ്ക് തുറന്നിരുന്നില്ല. അതിനാല്‍ വെളളിയാഴ്ചയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ ബാങ്ക് തുറന്നപ്പോഴാണ് അധികൃതര്‍ വലിയ കവര്‍ച്ചയുടെ വിവരം അറിയുന്നത്.