കനത്ത മഴയില്‍ നടുറോഡില്‍ കാറിനെ വിഴുങ്ങി ഗര്‍ത്തം

രാജി ഇ ആർ -

ഡല്‍ഹി>>>ഓടിക്കൊണ്ടിരിക്കുന്ന വണ്ടി വിഴുങ്ങി റോഡില്‍ രൂപപ്പെട്ട കുഴി. ഇന്നലെ ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് കാര്‍ മുന്‍ഭാഗം കുത്തി വീഴുകയായിരുന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ അശ്വനി കുമാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം മുംബൈയിലും സമാനമായ സംഭവം നടന്നിരുന്നു. എന്നാല്‍ പാര്‍ക്ക് ചെയ്ത വാഹനം കോണ്‍ക്രീറ്റ് പാളി തകര്‍ന്ന് കിണറ്റിലേക്കായിരുന്നു താഴ്ന്നിറങ്ങിയത്.അപകടമറിഞ്ഞ ശേഷം പ്രദേശത്ത് വലിയ ആള്‍കൂട്ടം തടിച്ചു കൂടി . പൊലീസ് എത്തി ശേഷം ക്രെയിനിന്റെ സഹായത്തോടെ കാര്‍ ഉയര്‍ത്തി.

കനത്ത മഴ തുടരുന്ന രാജ്യതലസ്ഥാനത്ത് പലയിടങ്ങളിലും വെള്ളം കയറുകയും വാഹനഗതാഗതം സ്തംഭിക്കുകയും ചെയ്തു. മഴപെയ്തുണ്ടായ വെള്ളക്കെട്ടില്‍ ഡല്‍ഹിയിലെ അടിപ്പാതയില്‍ ഇന്ന് രാവിലെ 27 കാരന്‍ മുങ്ങി മരിച്ചു. 70 മില്ലി മീറ്റര്‍ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ ലഭിച്ചത്.