വയോധികന്റെ കൈയില്‍നിന്ന് റോഡില്‍ വീണ അരി വാരി നല്‍കുന്ന പൊലീസുകാരന്റെ ചിത്രം വൈറല്‍

രാജി ഇ ആർ -

വടകര>>>അരിയുമായി വീട്ടിലേക്കു പോകുന്നതിനിടെ വയോധികന്റെ കൈയില്‍നിന്ന് റോഡില്‍ വീണ അരി വാരി നല്‍കുന്ന പൊലീസുകാരന്റെ ചിത്രം വൈറലായി.

ഞായറാഴ്ച രാവിലെ വടകര അഞ്ചുവിളക്കിനു സമീപമാണ് അരിയുമായി വീട്ടിലേക്കു പോകുന്നതിനിടെ വയോധികന്റെ കൈയിലെ സഞ്ചി പൊട്ടി അരി റോഡില്‍ ചിതറിയത്.

ട്രാഫിക് എസ്.ഐ രാധാകൃഷ്ണനൊപ്പം വാഹനപരിശോധന നടത്തുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ തോടന്നൂര്‍ കന്നിനടയിലെ എന്‍.കെ. പ്രദീപന്‍ ഇത് കാണുകയും ഓടി വന്ന് അരി റോഡില്‍നിന്ന് വാരിയെടുത്ത് സഞ്ചിയില്‍ ഇട്ടുകൊടുക്കുകയുമായിരുന്നു.


അരി വാരി നല്‍കുന്ന ചിത്രം പകര്‍ത്തിയ ആള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. അതോടെ നൂറുകണക്കിനാളുകളാണ് ചിത്രം ഷെയര്‍ ചെയ്തത്.