ഭര്‍തൃഗൃഹത്തിലെ പീഡനം മൂലം ആത്മഹത്യ ചെയ്ത രേവതിയുടെ കുടുംബത്തിന് പോലീസ് പിഴ രണ്ടു തവണ; ചിതാഭസ്മ നിമജ്ജനത്തിന് പോയപ്പോഴും പിഴ

രാജി ഇ ആർ -

കൊല്ലം >>>ഭര്‍തൃഗൃഹത്തിലെ പീഡനത്തെ തുടര്‍ന്ന് കല്ലടയാറ്റില്‍ ജീവനൊടുക്കിയ ഇരുപത്തിരണ്ടുകാരി രേവതി കൃഷ്ണയുടെ കുടുംബത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് പിഴ ചുമത്തിയത് രണ്ട് തവണ.

ചിതഭസ്മം നിമജ്ജനം ചെയ്യാന്‍ പോയപ്പോഴും പീഡന കേസില്‍ ഡി.വൈ.എസ്.പി ഓഫീസില്‍ പരാതി പറയാന്‍ പോയപ്പോഴും പൊലീസ് നിസാരകാര്യങ്ങള്‍ പറഞ്ഞ് പിഴ ചുമത്തിയെന്നാണ് രേവതിയുടെ കുടുംബം പറയുന്നത്. ജൂലായ് 29 നായിരുന്നു കിഴക്കേകല്ലട നിലമേല്‍ ബൈജു ഭവനില്‍ സൈജുവിന്റെ ഭാര്യ രേവതി കടപുഴ പാലത്തില്‍ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയത്. സ്ത്രീധനത്തെച്ചൊല്ലി തുടര്‍ച്ചയായി ഭര്‍തൃപിതാവും മാതാവും മാനസികമായി പീഡിപ്പിച്ചതായി യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നു.


കിഴക്കേ കല്ലട പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് പ്രതികാര നടപടിയാണ് ഇപ്പോഴത്തെ ഈ പിഴയെന്ന് പരാതിയുണ്ട്. രേവതിയുടെ മരണത്തില്‍ ഒരു അന്വേഷണ പുരോഗതിയും ഇല്ലെന്നും കുടുംബം പറഞ്ഞിരുന്നു. ഇതോടെ വിഷയത്തില്‍ ഡി.വൈ.എസ്.പിക്ക് നേരിട്ട് പരാതി നല്‍കാന്‍ കുടുംബാംഗങ്ങള്‍ പോകുമ്‌ബോഴായിരുന്നു ആദ്യത്തെ പെറ്റി.

ഡ്രൈവര്‍ക്കൊപ്പം മുന്നിലുണ്ടായിരുന്ന ആള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എന്ന് പറഞ്ഞായിരുന്നു പിഴ. യുവതി ചാടി മരിച്ച പാലത്തില്‍ വച്ചു തന്നെയാണ് പെറ്റി എഴുതി നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

വാഹനത്തില്‍ ആളുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞാണ് രണ്ടാമത്തെ പിഴ ചുമത്തിയത്. യുവതിയുടെ ചിതാഭസ്മവുമായി പോകുമ്‌ബോഴായിരുന്നു കിഴക്കേ കല്ലട പൊലീസിന്റെ തന്നെ രണ്ടാമത്തെ പെറ്റിയെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.