
പെരുമ്പാവൂര്‍>>>നമുക്ക് ലഭിച്ച ഭൂമി അതിനെക്കാള്‍ സുന്ദരമായ് വരും തലമുറയ്ക്ക് കൈമാറണം. പെരുമ്പാവൂര്‍ ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയുടെ കാര്യത്തിലും നാം അടങ്ങുന്ന തീരുമാനങ്ങളെടുക്കാന്‍ ബാധ്യസ്ഥരായവരും സ്വീകരിക്കേണ്ടത് അതു തന്നെയല്ലേ.
പാരിസ്ഥിതിക ബോധ്യങ്ങള്‍ അത്രയൊന്നും ശക്തമാകാതിരുന്ന കാലങ്ങളില്‍ നടപ്പിലാക്കിയ വികസന മാതൃകകള്‍ ഈ നൂറ്റാണ്ടിലും അതേരീതിയില്‍ തുടരുന്നത് ശാസ്ത്രീയ ബോധ്യങ്ങളുടെയും, കണ്ടെത്തലുകളോടുമുള്ള വെല്ലുവിളിയാണന്നു മാത്രമല്ല ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ ഭൂവിനിയോഗം നടത്തുക എന്ന ദീര്‍ഘകാല ലക്ഷ്യത്തെ അട്ടിമറിക്കുന്നതും മാനവികതയോടുള്ള ഉത്തരവാദിത്തമില്ലായ്മ പ്രദര്ശിപ്പിക്കുന്നതുമാണ്.
വികസന മാതൃകകളെ പരിസ്ഥിതി സൗഹൃദവും, സ്ഥായിത്വത്തിലൂന്നി നില്‍ക്കുന്നതുമായി പരിവര്‍ത്തിപ്പിക്കുകയെന്നതാണ് ആധുനിക സമൂഹത്തിന്റെ കര്‍ത്തവ്യം.
മറിച്ചായാല്‍ വരും തലമുകളോടു ചെയ്യുന്ന അനീതി കൂടിയായിരിക്കും. പക്ഷേ ഇവിടെ മറിച്ച് സംഭവിക്കാന്‍ പോകുന്നു. ഇത് നികത്താനാവാത്ത, വരും തലമുറയോടുള്ള അവഗണനയും വെല്ലുവിളിയുമാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.
പെരുമ്പാവൂര്‍ നഗരസഭ ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുകയുണ്ടായി. ബന്ധപ്പെട്ടവര്‍ക്ക് ഇവ ചൂണ്ടിക്കാണിച്ചുകൊണ്ട് കത്തും അയച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയുടെ സമീപങ്ങളില്‍ ഉണ്ടായ പാരിസ്ഥിതിക ആഘാതം ബന്ധപ്പെട്ട ഏജന്‍സികളെ കൊണ്ട് പഠനം നടത്തണമെന്ന് കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കുക ഉണ്ടായി.
ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നത് വരെ ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയുടെ ലേബലിലായിരുന്നു.
മുത്തയ്യ ചിദംബരം ചെട്ടിയാര്‍ 1946 ല്‍ സ്ഥാപിച്ച മൂവായിരത്തോളം തൊഴിലാളികള്‍ പണിയെടുത്ത കമ്പനിക്ക് വിവരിക്കാന്‍ മഹത്വത്തിന്റെ കഥകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കാലം കടന്നുപോയപ്പോള്‍ റയോണ്‍സ് സാമ്പത്തിക പ്രതിസന്ധി നേരിടുകയും 2001 ജൂലായ് 17ന് എന്നെന്നേക്കുമായി അടക്കുകയും ചെയ്തു
. രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ പലവട്ടം കമ്പനി തുറക്കാന്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ ഉള്‍പ്പെടെ ശ്രമിച്ചെങ്കിലും പൂട്ടഴിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പല കോണുകളില്‍ നില്ക്കുന്ന ആശയങ്ങളും ആദര്‍ശങ്ങളും ഉള്ളവര്‍ ഒരുമിച്ചാല്‍ ജനങ്ങള്‍ക്ക് വളരെ ഉപയോഗപ്രദമായ രീതിയില്‍ പദ്ധതിപ്രദേശം പ്രയോജനപ്പെടുത്താം. നിലവില്‍ കെ.എസ്.ഇ.ബിക്ക് അഞ്ച് ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു കഴിഞ്ഞു. ശേഷം കമ്പനിക്ക് 70 ഏക്കറില്‍ അധികം ഭൂമിയുണ്ട്.
കമ്പനിയുടെ ഒരു വശം വര്‍ഷം മുഴുവനും വേണ്ടുവോളം ശുദ്ധജലം നല്കുന്ന പെരിയാര്‍, ഒന്നര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നു. പ്രകൃതിസൗന്ദര്യം വേണ്ടുവോളമുള്ള, നഗരസഭയില്‍ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം, ഈ ഭൂമി ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്തിയില്ലെങ്കില്‍ പിന്നെ എന്തു കാര്യം.
ഇന്ന് പെരുമ്പാവൂരില്‍ സര്‍ക്കാര്‍ ഭൂമിയോ സ്വകാര്യവ്യക്തികളുടെ ഭൂമിയോ ഇതിന്റെ 15/1 ശതമാനംപോലും ഒരുമിച്ച് ഇല്ല. ഇനി അത് കണ്ടെത്താനും സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ ഭൂമിയെ തുണ്ടം തുണ്ടം ആക്കാന്‍ അനുവദിച്ചുകൂടാ.
ചികിത്സാരംഗത്ത് ആധുനിക സൗകര്യങ്ങളുള്ള ഹോസ്പിറ്റലുകള്‍ എറണാകുളം ജില്ലയില്‍ സ്വകാര്യമേഖലയില്‍ ധാരാളം ഉണ്ടെങ്കിലും ഗവണ്മെന്റ് സംവിധാനങ്ങള്‍ വളരെ അപര്യാപ്തമാണ് ആയതിനാല്‍ അത്തരം ആവശ്യങ്ങള്‍ക്ക് അന്യജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാം.
ആധുനിക രീതിയിലുള്ള ആശുപത്രി, മെഡിക്കല്‍ കോളേജ്, ഈ എസ് ഐ ആശുപത്രി എന്നിങ്ങനെയുള്ളവ ഈ പ്രദേശത്ത് കൊണ്ടുവരാന്‍ സാധിച്ചാല്‍ അതായിരിക്കും ഈ നാട്ടിലെ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത് 100 ഏക്കറിന് മുകളിലാണ് എന്നുകൂടി മനസ്സിലാക്കുമ്പോള്‍ ദീര്‍ഘവീക്ഷണമില്ലാതെ ഈ പ്രദേശം കീറിമുറിക്കപെട്ടാല് ഇനി ഒരിക്കലും ഇത്തരം പദ്ധതികള്‍ സ്വപ്നം കാണാന്‍ പോലും നമുക്കാവില്ല എന്ന് വ്യക്തമാകും. ഇത്തരം പ്രോജക്ടുകള്‍ എറണാകുളം ജില്ലയില്‍ തന്നെ വരാത്തത് ആര്‍ക്കൊക്കെയാണ് പ്രയോജനം ഉണ്ടാകുക എന്നുകൂടെ നാം ചിന്തിക്കണം.
ഒരു വനിത കോളേജ് ഒഴിച്ചാല്‍ പ്രൈവറ്റ് മേഖലയില്‍ അല്ലാത്ത ഒരു ആര്‍ട്സ് കോളേജോ, എന്‍ജിനീയറിങ് കോളേജോ, ലോ കോളേജോ ഒന്നും തന്നെ ഇല്ലാത്ത ഒരു പ്രദേശം ആണ് പെരുമ്പാവൂര്‍ നിയോജകമണ്ഡലം.
നഗരത്തിന്റെ ഹൃദയത്തില്‍ തന്നെ പരിമിതമായ സ്ഥല സൗകര്യങ്ങളില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. സംസ്ഥാനത്തിനു കേന്ദ്രം അനുവദിച്ച ഏക കേന്ദ്രീയ വിദ്യാലയത്തിനുള്ള അനുമതി സ്ഥലം ഏറ്റെടുത്തു നടത്താത്തതിനാല്‍ നഷ്ടമായേക്കും എന്നുള്ള വാര്‍ത്തയും കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നു.
സാധാരണക്കാര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഈ സ്ഥലം പ്രയോജനപ്പെടുത്തി കൂടെ ?
വിദ്യാഭ്യാസവകുപ്പും ബന്ധപ്പെട്ടവരും മനസ്സുവെച്ചാല്‍ നമ്മുടെ പൊതു വിദ്യാഭ്യാസത്തെ രക്ഷപ്പെടുത്താം എന്നതിന് ഉദാഹരണമായ കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മോഡല്‍ നമുക്കിവിടെ പ്രായോഗികതലത്തില്‍ ആക്കി തീര്‍ക്കണം. ഈ സ്ഥലം പ്രയോജനപ്പെടുത്തി ആധുനിക സൗകര്യങ്ങളുള്ള സ്കൂളും കോളേജും നമുക്ക് ഇവിടെ പണിതീര്‍ക്കണം.
സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും കൂടെ ഒരുക്കുമ്പോള്‍ വിദ്യാഭ്യാസ, കല കായിക രംഗത്ത് വലിയ അവസരങ്ങള്‍ തുറക്കുന്നതിനു നമുക്ക് സാധിക്കും. ഈ ഭൂമിയെ വിഭജിച്ചാല്‍ നമുക്ക് എന്നെന്നേക്കുമായി അതിന് കഴിയാതെ പോകും.
പെരുമ്പാവൂരിലെ ഏറ്റവും മനോഹരമായ പെരിയാറിനെ ഒന്നര കിലോമീറ്ററോളം ദൂരം തൊട്ടുരുമ്മി നില്ക്കുന്ന ഭൂമി, ടൂറിസം പദ്ധതിക്ക് വളരെയധികം പ്രയോജനപ്പെടുത്താന്‍ സാധിക്കും.
ഊട്ടിയിലെ ബോട്ടാണിക്കല്‍ ഗാര്ഡന് 60 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ സാധിക്കുമ്പോള്‍ അതുപോലെ മനോഹരമായ ഒരു ഉദ്യാനം സൃഷ്ടിച്ചെടുക്കാനും പെരിയാറിന്റെ സാധ്യതകള്‍ കള്‍കൂടി ഉപയോഗപ്പെടുത്തുമ്പോള്‍ പ്രകൃതിക്ക് ദോഷം വരാതെ സര്‍ക്കാരിനു വലിയ വരുമാനവും നിരവധി തൊഴിലവസരവും ഉണ്ടാകും. ഇത് നമ്മള് തള്ളിക്കളഞ്ഞ് ഭൂമി കീറിമുറിച്ച് പ്രയോജനരഹിതമായ കൂടാ.
വര്‍ഷത്തില്‍ മുഴുവന്‍ സമയവും ശുദ്ധജലം വേണ്ടുവോളം ലഭ്യമാകുന്ന പെരിയാറിനെ തീരത്താണ് പെരുമ്പാവൂര്‍ നഗരസഭ എന്നാലും നഗരസഭയിലെയും പല സമീപ പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം താറുമാറാകുന്നത് പതിവായിരിക്കുന്നു അതിനാല്‍തന്നെ ആധുനികരീതിയിലുള്ള ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഈ സ്ഥലം പ്രയോജനപ്പെടുത്താവുന്നതാണ്.
കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് (കിന്‍ഫ്ര )
കിന്‍ഫ്രയ്ക്ക് 30 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാനാണ് സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുന്നത്. നാട്ടില്‍ പുതിയ വ്യവസായങ്ങള്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നു. പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരം ആകും വിധം ഉപയോഗിക്കാന്‍ സാധിക്കുന്ന ഭൂമി തന്നെ വേണോ ?ഇത്തരത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന ഭൂമി ഒഴിവാക്കി മറ്റു സ്ഥലങ്ങളിലേക്ക് അത് മാറ്റി സ്ഥാപിക്കാന്‍ കഴിയില്ല ?
വ്യവസായ ആവശ്യങ്ങള്‍ക്കായി ഇതുപോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സ്ഥലം വെട്ടി മുറിച്ച് നല്കിയാല് ജനങ്ങള്‍ക്കുതകുന്ന അടിസ്ഥാന വികസനം സാധ്യമാകാതെ പോകും പെരുമ്പാവൂരില്‍. അതിനാല്‍ അധികൃതര്‍ ഈ നടപടിയില്‍ നിന്നും പിന്മാറണം. നമുക്ക് ലഭിച്ച ഭൂമി അതിനെക്കാള്‍ സുന്ദരമായി വരുംതലമുറയ്ക്ക് കൈമാറാനാകണം.

Follow us on