ഓണക്കിറ്റ് വിതരണം പ്രമുഖരെ വിളിച്ച് ഫോട്ടോ എടുത്ത് വേണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം; നടക്കില്ലെന്ന് വ്യാപാരികള്‍

രാജി ഇ ആർ -

തിരുവനന്തപുരം>>>നാളെ സംസ്ഥാനത്താകെ റേഷന്‍കടകളില്‍ നടത്താനിരിക്കുന്ന ഓണക്കിറ്റ് വിതരണം പ്രമുഖരെ വച്ച് ഉദ്ഘാടനം ചെയ്യണമെന്ന് ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശം. ഉദ്ഘാടനത്തിന്റെ ഫോട്ടോയെടുത്ത് പോസ്റ്റര്‍ പതിക്കണമെന്ന വിചിത്രമായ നിര്‍ദ്ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

വിചിത്രമായ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചതോടെ ഓണക്കിറ്റ് വിതരണം വിവാദത്തിലായി. നാളെ രാവിലെ എട്ടരക്കാണ് ഇത്തരത്തില്‍ പ്രമുഖര്‍ കിറ്റ് നിതരണം ചെയ്യേണ്ടത്.ഇതിന് ശേഷം ആ ചിത്രം പോസ്റ്ററായി പതിക്കണം.

എം.പി, എംഎല്‍എ, അതല്ലെങ്കില്‍ പഞ്ചായത്തംഗം വരെയുളളവരില്‍ ആരെയും ഉദ്ഘാടകനാക്കാമെന്നാണ് റേഷന്‍ ഇന്‍സ്പെക്ടര്‍മാരും താലൂക്ക് സപ്‌ളൈ ഓഫീസര്‍മാരും റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കുലറില്‍ നല്‍കിയ നിര്‍ദ്ദേശം.


ഉദ്ഘാടന ചിത്രം ഓഫീസര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പിലിടണമെന്നും മികച്ച ചിത്രത്തിന് സമ്മാനമുണ്ടെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത് അനാവശ്യ ധൂര്‍ത്താണെന്ന് കാട്ടി ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ നിര്‍ദ്ദേശം തളളി.

അതേസമയം കിറ്റ് വിതരണത്തില്‍ സുതാര്യത ഉറപ്പുവരുത്താനാണ് ഇങ്ങനെ നിര്‍ദ്ദേശിച്ചതെന്നും തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്നും ഓണക്കിറ്റില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.