വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയില്‍

web-desk -

അഞ്ചാലുംമൂട്>>> അന്‍പതിമൂന്ന്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. പനയം ചിറ്റയം പ്രശാന്ത് ഭവനത്തില്‍ നിന്നും പെരുമണ്‍ സ്‌ക്കൂളിന് വടക്ക് സുരേഷ് ഭവനത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ദിവാകരന്‍ നായര്‍ മകന്‍ പ്രദീപ് ഡി നായര്‍ (44) ആണ് പോലീസ് പിടിയിലായത്.

ഇയാള്‍ സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് പനയത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തിച്ച് പരസ്പരം കഴുത്തില്‍ റിബണ്‍ മാല കെട്ടി വിവാഹം കഴിച്ചു എന്ന് സ്ത്രീയെ വിശ്വസിപ്പിച്ചു. ഇരുവരും ഇയാളുടെ വാടക വീട്ടിലെത്തി. അവിടെ വച്ച് ഇയാള്‍ അവരെ പീഡിപ്പിക്കുകയായിരുന്നു.

പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് വച്ച് ഇവരെ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ ഇവരുടെ സുഹൃത്തുക്കള്‍ക്ക് പങ്ക് വച്ചു. ഇവര്‍ നല്‍കിയ പരാതിയില്‍ ഇയാളെ അഞ്ചാലുമ്മൂട് പോലീസ് പനയത്ത് നിന്നും പിടികൂടി അറസ്റ്റ് ചെയ്തു. അഞ്ചാലുമ്മൂട് ഇന്‍സ്‌പെക്ടര്‍ സി. ദേവരാജന്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്യാം, ശബ്‌ന, ലഗേഷ്, എ.എസ്.ഐ ഓമനക്കുട്ടന്‍, എസ്.സി.പി.ഓ അജിമോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.