ഒരു സ്ത്രീയും വാക്കത്തിവെച്ച് ഉറങ്ങണ്ടി വരില്ല എന്ന് മുഖ്യമന്ത്രി; ഇന്നു തോക്ക് വെച്ച് കിടന്നുറങ്ങേണ്ട സ്ഥിതിയെന്ന് രമേശ് ചെന്നിത്തല

രാജി ഇ ആർ -

തിരുവനന്തപുരം>>> സംസ്ഥാനത്തിന്റെ ക്രമസമാധാന നില അനുദിനം വഷളാവുകയാണെന്ന് രമേശ് ചെന്നിത്തല. ധനാഭ്യര്‍ത്ഥന ചര്‍ച്ചകളെ എതിര്‍ത്തുകൊണ്ടാണ് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയുടെ ചിത്രം രമേശ് ചെന്നിത്തല സഭയ്ക്ക് മുന്‍പാകെ വെച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം കൊടുക്കേണ്ട ഗവണ്‍മെന്റ് അതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

താന്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ദിവസം കാസര്‍കോട് ഉണ്ടായ വന്‍ കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ബ്ലേഡ് മാഫിയയുടെ പീഡനം മൂലം നെന്മാറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സ്ത്രീ പീഡനങ്ങളും കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങളും വര്‍ദ്ധിക്കുകയാണ്.

ഗുണ്ടാ മാഫിയ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. സ്വര്‍ണകള്ളക്കടത്ത് സംഘങ്ങള്‍ യഥേഷ്ടം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. തട്ടിപ്പ് സംഘങ്ങളും ബ്ലേഡ് മാഫിയയും അരങ്ങു തകര്‍ക്കുന്നു.

സ്ത്രീകള്‍ക്ക് എതിരായ പീഡനങ്ങളുടെ കഥ ഓരോ ദിവസവും പത്രങ്ങളില്‍ വായിക്കുന്നു. ഗവര്‍ണര്‍ ഒരു ദിവസം ഉപവാസം നടത്തേണ്ടി വന്നത് സാമൂഹിക നവോഥാനത്തിന്റെ ഭാഗമാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

കേരളത്തില്‍ ഒരു ഗവര്‍ണറും ഇ ത്തരത്തില്‍ ഒരുപവസം നടത്തിയില്ല. ഈ നാട്ടില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പീഡനങ്ങള്‍ ഇതെല്ലാം കണ്ടു മനസ് വിഷമിച്ചാണ് ഗവര്‍ണര്‍ ഉപവാസത്തിന് ഇരിക്കേണ്ട സാഹചര്യം ഉണ്ടായത്. ഇത് പരസ്യമായി സമ്മതിച്ചില്ലെങ്കിലും മുഖ്യമന്ത്രി അതുള്‍ക്കൊള്ളണം എന്നാണ് പറയാനുള്ളത്.

സ്ത്രീ സുരക്ഷയ്ക്ക് ഗവര്‍ണര്‍ ഉപവാസം ഇരിക്കുമ്പോഴാണ് ഈ ഗവണ്‍മെന്റിലെ മന്ത്രി സ്ത്രീ പീഡനക്കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഈ കേസ് ചീറ്റിപ്പോയി എന്ന് മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നു.

മുഖ്യമന്ത്രിയുടെ സ്ഥാനത്ത് ഇരുന്നു ഒരാള്‍ പറയേണ്ട വാചകമല്ല ഇത്. ഒരു സ്ത്രീ തന്റെ കൈക്ക് പിടിച്ച് എന്ന് പറഞ്ഞു പരാതി കൊടുക്കുമ്പോള്‍ ആ കേസില്‍ ഇടപട്ട മന്ത്രി ന്യായീകരിക്കുന്നത് മനസിലാകും. പക്ഷെ ആ കേസ് ചീറ്റിപ്പോയി എന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി പോലീസിനു കൊടുക്കുന്ന സന്ദേശം എന്താണ് എന്ന് മനസിലാക്കി ജനങ്ങള്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്.

സ്ത്രീ പീഡനം നടത്തിയ എംഎല്‍എമാരെ സംരക്ഷിച്ച ചരിത്രം നമ്മള്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭയില്‍ ഉണ്ടായ അനുഭവം സ്പീക്കര്‍ക്ക് അറിയാവുന്നതാണ്. സ്പീക്കറുടെ ജില്ലയിലാണ് ഇത്. എംഎല്‍എയ്ക്ക് എതിരെ സ്ത്രീ പരാതി നല്‍കിയിട്ട് ആ എംഎല്‍എയെ എന്ത് ചെയ്ത്? വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ പറഞ്ഞത് പോലീസും കോടതിയും എല്ലാം ഞങ്ങളുടെ പാര്‍ട്ടി ആണെന്നാണ്. എന്തുണ്ടായി? അദ്ദേഹം ജില്ലാ കമ്മറ്റിയില്‍ ഉന്നത നേതാവായി തുടരുകയാണ്.

വാളയാറില്‍ എട്ടും പൊട്ടും തിരിയാത്ത രണ്ടു പെണ്‍കുട്ടികളെ കൊന്നത് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിച്ചു. വാളയാറിലെ അമ്മ തല മുണ്ഡനം ചെയ്ത് നടത്തിയ സമരം കേരളം മറന്നിട്ടില്ല. ആ കേസിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. വാളയാറിലെ ക്രൂരതയ്ക്ക് നടപടി സ്വീകരിക്കാത്തതിനാലാണ് വണ്ടിപ്പെരിയാറില്‍ ഒരു കുഞ്ഞു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന സംഭവം ഉണ്ടായത്.

തങ്ങള്‍ പോയപ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച കാര്യം പറഞ്ഞു. ആ കുട്ടിയ്ക്ക് ഉണ്ടായ അനുഭവം കേരളത്തിലെ വേറൊരു കുട്ടിയ്ക്ക് ഉണ്ടാകാന്‍ പാടുണ്ടോ? കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്ള അനുഭവങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെയാണ് ഉണ്ടാകുന്നത്.

അഞ്ച് മാസത്തിനുള്ളില്‍ 627 കുട്ടികള്‍ കേരളത്തില്‍ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. എത്ര ഭീകരമായ ആക്രമണമാണ് കുട്ടികള്‍ക്ക് നേരെ കേരളത്തില്‍ നടക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്ക് നേരെ വര്‍ദ്ധിച്ച പീഡനങ്ങളാണ് ലോക്ക്‌ഡൌണ്‍ കാലത്ത് നടന്നത്. ഇതും പോലീസ് റിപ്പോര്‍ട്ട് തന്നെയാണ്. ഇതും സര്‍വകാല റെക്കോര്ഡ് ആണ്.

2016-കുട്ടികള്‍ക്ക് നേരെ നടന്നത് 968 പീഡനങ്ങള്‍. 2019-ല്‍ 1913, 2020-ല്‍ 1143, 2021 മേയ് വരെ 627. അഞ്ച് വര്‍ഷത്തിനുള്ളില്‍ 66 സ്ത്രീകള്‍ അതിക്രമത്തിന്നിടെ കൊല്ലപ്പെട്ടു. സ്ത്രീ പീഡന കേസുകള്‍ 15143.2017-ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 2856.2018-ല്‍ 2046. 2019- ല്‍ 2991.2020-ല്‍ 2715, 2021 മേയ് വരെ 1050.

ഇത്രയേറെ പീഡനങ്ങള്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. എന്നിട്ടും അപ്പുറത്ത് വന്നു പറയുന്നു എല്ലാം ഭദ്രമാണ് എന്ന്. കേരളത്തില്‍ സുരക്ഷിതമായ സാഹചര്യമാണ് കേരളത്തില്‍ എന്ന് പറഞ്ഞാല്‍ ആരു വിശ്വസിക്കും. സംസ്ഥാനത്ത് ഒരു സ്ത്രീയും വാക്കത്തിവെച്ച് ഉറങ്ങണ്ടി വരില്ല എന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണ്. ഇന്നു വാക്കത്തിയല്ല തോക്ക് വെച്ച് കിടന്നുറങ്ങേണ്ട സ്ഥിതിയാണ് സ്ത്രീകള്‍ക്ക് ഉള്ളത്. അപരാജിത പോര്‍ട്ടലും മിസ്ഡ് കോള്‍ സംവിധാനവും എല്ലാം പ്രഹസനമാണ്.

സ്വര്‍ണം പൊട്ടിക്കല്‍, ഓപ്പറേഷന്‍ കുഴല്‍പ്പണം, ഗുണ്ടാ വിളയാട്ടം, ട്രഷറി ഫണ്ട് തട്ടിപ്പ്, പ്രളയഫണ്ട് തട്ടിപ്പ് എല്ലാം നടക്കുന്നു. കൊടകരയില്‍ സിപിഎം-ബിജെപി ധാരണ പുറത്ത് വന്നിരിക്കുന്നു.

പ്രതിയാകേണ്ട സുരേന്ദ്രന്‍ സാക്ഷിയാകുന്നു. എന്ത് മറിമായമാണിത്. പിന്നീട് അന്വേഷിച്ചിട്ട് സുരേന്ദ്രനെ പ്രതിയാക്കാം എന്നാണ് പറയുന്നത്. സിപിഎം-ബിജെപി ധാരണ തന്നെയാണ് വെളിയില്‍ വരുന്നതെന്നും ചെന്നിത്തല പറഞ്ഞു.