രഖിലിന്റെ പക്കലുണ്ടായിരുന്നത് മാരക പ്രഹര ശേഷിയുള്ള തോക്ക്; കോതമംഗലം പോലീസ് കണ്ണൂരില്‍;കോതമംഗലത്തും തോക്കിന്റെ വഴി തേടി അന്വേഷണം

സ്വന്തം ലേഖകൻ -

കോതമംഗലം :നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയെ വെടിവെച്ചു കൊന്ന് സ്വയം വെടിവെച്ച് മരിച്ച സംഭവത്തില്‍ കോതമംഗലം പോലീസ് കണ്ണൂരില്‍ എത്തി. കൊലപാതക കേസില്‍ പോലീസ് ഏറ്റവും ഊര്‍ജ്ജിതമായി അന്വേഷിക്കുന്നത് രഖിലിന് എങ്ങനെ തോക്ക് ലഭിച്ചു എന്നുള്ളതാണ്.
മാരക പ്രഹര ശേഷിയുള്ള പിസ്റ്റള്‍ ആണ് ഇതെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യമായിട്ടുണ്ട്. സാധാരണ രീതിയിലുള്ള എയര്‍ഗണ്‍ ആണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ തോക്ക് സംബന്ധിച്ചുള്ള ആദ്യ പരിശോധന തന്നെ പോലീസിനെ ഞെട്ടിച്ചു. ഉഗ്രശേഷിയുള്ള തോക്ക് എങ്ങനെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കയ്യില്‍ എത്തിച്ചേര്‍ന്നു എന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ഇയാളുടെ വ്യക്തിബന്ധങ്ങള്‍ പോലീസ് സമഗ്രമായി പരിശോധിക്കുന്നുണ്ട്. കോതമംഗലത്ത് കഴിഞ്ഞ ഒരു മാസത്തോളമായി ഇയാള്‍ താമസിച്ചു വരികയായിരുന്നു. അതിനിടെ ഏതെങ്കിലും രീതിയിലുള്ള പ്രാദേശിക ബന്ധങ്ങള്‍ ഇയാള്‍ ഉണ്ടാക്കി എടുത്തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ആ വഴി തോക്ക് ലഭിക്കാനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല.

അതോടൊപ്പം തന്നെ കണ്ണൂരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി കൊലപാതകം നടന്ന ദിവസം തന്നെ പോലീസ് ഇവിടേക്ക് തിരിച്ചിട്ടുണ്ട്. ഒരു സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കണ്ണൂരില്‍ എത്തിയിട്ടുള്ളത്. രാഖില്‍ന്റെ ഇവിടെയുള്ള സുഹൃത്ബന്ധങ്ങള്‍ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. വലിയ രീതിയില്‍ സുഹൃത്തുക്കള്‍ ഇയാള്‍ക്ക് നാട്ടില്‍ ഇല്ല എന്നതാണ് പ്രാഥമികമായ വിവരം.

തോക്ക് കണ്ണൂരില്‍ നിന്ന് കൈവശപ്പെടുത്താന്‍ ഉള്ള സാധ്യതയാണ് സജീവമായി നില നില്‍ക്കുന്നത്. ആയുധവുമായി ബന്ധപ്പെട്ട ഇവിടെയുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. ഇവര്‍ക്ക് ഏതെങ്കിലും രീതിയില്‍ രഖിലുമായി ബന്ധം ഉണ്ടാകുമെന്ന് തന്നെയാണ് അന്വേഷണസംഘം കരുതുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →