സുഹൃത്തിനൊപ്പം രാഖില്‍ എട്ടു ദിവസം ബിഹാറില്‍ തങ്ങി; പൊലീസിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

സ്വന്തം ലേഖകൻ -

കണ്ണൂര്‍: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയെ പ്രണയ നൈരാശ്യത്തിന്റെ പേരില്‍ അതിക്രൂരമായി കൊലപ്പെടുത്തി രാഖില്‍ കൃത്യത്തിന് ഉപയോഗിച്ച തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്നെന്ന് സൂചന. രാഖില്‍ ബിഹാറില്‍ സുഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്നു എന്ന വിവരമാണ് പൊലീസ് ലഭിച്ചിട്ടുള്ളത്. ഇത് എല്ലാം കരുതിക്കൂട്ടിയാണെ സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇപ്പോഴത്തെ നിലയില്‍ തോക്കിന്റെ ഉറവിടം തേടിയുള്ള അന്വേഷണം കേരളത്തിന് വെളയിലേക്കും നീളുകയാണ്.

രാഖില്‍ തോക്ക് വാങ്ങിയത് ബിഹാറില്‍ നിന്നുമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രാഖില്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് നിന്നാണ് തോക്ക് ബിഹാറില്‍ കിട്ടുമെന്ന് രഖില്‍ മനസിലാക്കിയത്.

തുടര്‍ന്ന് തോക്ക് സംഘടിപ്പിക്കാന്‍ ബിഹാറിലേക്ക് പുറപ്പെടുകയായിരുന്നു. ബിഹാറിലെത്തിയ രഖില്‍ നാലിടങ്ങളിലായി 8 ദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്.

മാനസയുടെ കുടുംബം നല്‍കിയ പരാതിയില്‍ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാര്‍ യാത്ര. ഇതോടെ രാഖില്‍ എല്ലാം മനസ്സില്‍ ഉറപ്പിച്ചിരുന്നു എന്ന് വ്യക്തമാകുകയാണ്. രാഖിലിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിക്കും. കണ്ണൂരില്‍ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു.

കൊല നടത്താന്‍ രഖില്‍ ഉപയോഗിച്ചത് പഴയ തോക്കാണെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. 7.62 എംഎം പിസ്റ്റളില്‍ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാന്‍ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖില്‍ പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു

കൊല്ലപ്പെടുന്നതിന് അടുത്ത ദിവസങ്ങളില്‍ രാഖില്‍ നാല് തവണ മാനസയോട് സംസാരിച്ചുവെന്നാണ് രഖിലിന്റെ കമ്ബനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യന്റെ പ്രതികരണം.

മാനസ അവഗണിച്ചതോടെ രഖിലിന് പകയായി. രാഖിലിന് കൗണ്‍സിലിങ് നല്‍കണമെന്ന് കുടുംബത്തെ താന്‍ അറിയിച്ചിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു. പഠിച്ച സ്ഥലമായ ബംഗളൂരുവില്‍ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്റീരിയര്‍ ഡിസൈനിംഗിനുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാല്‍, തോക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്കറിയില്ലെന്നും ആദിത്യന്‍ പറഞ്ഞു.

മറ്റൊരു പ്രണയം തകര്‍ന്ന ശേഷമാണ് മാനസയെ രാഖില്‍ പരിചയപ്പെട്ടതെന്ന് സഹോദരന്‍ രാഹുല്‍ പറഞ്ഞു. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ രാഖില്‍ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളര്‍ത്തിയെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.

ജീവിതം തകര്‍ന്നെന്ന് തനിക്ക് രഖില്‍ മെസേജ് അയച്ചിരുന്നു. വിദേശത്ത് പോയി പണമുണ്ടാക്കിയാല്‍ ബന്ധം തുടരാനാകുമെന്നായിരുന്നു രാഖിലിന്റെ പ്രതീക്ഷയെന്നും സഹോദരന്‍ പ്രതികരിച്ചു. എന്നാല്‍ മാനസയുമായുള്ള സൗഹൃദം തകര്‍ന്നതില്‍ മാനസീക പ്രയാസങ്ങള്‍ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാന്‍ രഖില്‍ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹം ആലോചിക്കാന്‍ തയ്യാറാണെന്നും ഇയാള്‍ കുടുംബത്തെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് എല്ലാം ആസൂത്രണം ചെയ്തതും മാനസയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →