ആഡംബരവീടും വാഹനങ്ങളുംഗള്‍ഫില്‍ വന്‍ ബിസിനസും ഉണ്ടായിരുന്ന മലയാളി യുവതി എട്ടുമാസമായി കഴിയുന്നത് ദുബായിലെ തെരുവില്‍

-

ദുബായ്>> ആലപ്പുഴ സ്വദേശിയായ അനിത കഴിഞ്ഞ എട്ട് മാസത്തോളമായി കഴിയുന്നത് ദുബായിലെ തെരുവിലാണ്. മലയാളി വനിത 24 മണിക്കൂറും കഴിച്ചുകൂട്ടുന്നത് ബര്‍ദുബായ് വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ എന്ന വാര്‍ത്ത മലയാളികള്‍ക്ക് നൊമ്പരമായിരുന്നു.

വലിയ സാമ്പത്തിക ബാധ്യതയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെയുള്ള ഉറ്റവര്‍ കയ്യൊഴിഞ്ഞതാണ് അനിതക്ക് വിനയായത്. ഇപ്പോഴിതാ, ഇതിനിടെ അനിതയെ കുറിച്ച് അവരോടൊപ്പം ഒരു മാസത്തോളം ജയിലില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശി രാഖി അരുണ്‍ വ്യക്തമാക്കുന്നു.

താനും അനിതയും ജയിലിലെത്താനുണ്ടായ സാഹചര്യം ഒന്നാണെന്ന് രാഖി പറയുന്നു. ഇപ്പോള്‍ തെരുവില്‍ കഴിയുന്ന അനിത നാട്ടിലെത്തുകയാണെങ്കില്‍ മറ്റൊരിടം കണ്ടെത്തുംവരെ അവര്‍ക്ക് തന്നോടൊപ്പം താമസിക്കാമെന്നും രാഖി പറയുന്നു.

അനിത എന്ന 44 കാരിയാണ് ഭര്‍ത്താവിന്റെ വഞ്ചനയില്‍ ദുബായിലെ തെരുവോരത്ത് കഴിയുന്നത്. എട്ടുമാസമായി തെരുവോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലിഫോണ്‍ ബൂത്തിലാണ് അനിത കഴിയുന്നത്. കുഞ്ഞ് സ്റ്റൂളിലിരുന്നാണ് ഇവര്‍ രാത്രി ഉറങ്ങുന്നത്. തൊട്ടടുത്തുള്ള പൊതുശൗചാലയത്തെ ആശ്രയിച്ചാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ തെരുവില്‍ ഇറങ്ങേണ്ടി വന്ന ഇവര്‍ പ്രശ്‌നം പരിഹരിക്കപ്പെടാതെ എവിടേക്കുമില്ലെന്ന തീരുമാനത്തിലാണ്. സംഗീതത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഇവര്‍ ഭര്‍ത്താവിനോടും 2 ആണ്‍മക്കളോടുമൊപ്പമായിരുന്നു ദുബായില്‍ മികച്ച രീതിയില്‍ താമസിച്ചിരുന്നത്. ഭര്‍ത്താവ് ബാലു ദുബായില്‍ ബിസിനസുകാരനായിരുന്നു.

മലയാളികളായ അതിസമ്പന്നര്‍ സഹായിച്ചാല്‍ മാത്രമേ അനിതയ്ക്ക് ദുരിതം തീരൂ. അത്രയേറെ കടം തീര്‍ക്കാനുണ്ട്. ഭര്‍ത്താവിന്റെ ചതിയാണ് എല്ലാത്തിനും കാരണമെന്ന് അനിത പറയുന്നു. ഇത് സാക്ഷ്യപ്പെടുത്തുകയാണ് രാഖിയും. ചെറിയ തുകകള്‍ പാവങ്ങള്‍ക്ക് സെറ്റിട്ട് നല്‍കി കൊടുത്ത് വാര്‍ത്ത സൃഷ്ടിക്കുന്ന പ്രവാസി മുതലാളിമാര്‍ വിചാരിച്ചാല്‍ അനിതയുടെ ദുഃഖം മാറും. രണ്ട് ലക്ഷം ദിര്‍ഹമാണ് അവര്‍ക്ക് വിവിധ ബാങ്കുകളില്‍ അടയ്ക്കാനുള്ളത്.

രാഖിയുടെ വാക്കുകളിലൂട::അവരെ ബന്ധപ്പെടാന്‍ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഭര്‍ത്താവ് വന്‍തുക വായ്പയെടുത്ത് എന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ചപ്പോഴാണ് ഞാനും ജയിലഴികള്‍ക്കകത്തായത്. ചേച്ചിയെന്നായിരുന്നു ഞാനവരെ അഭിസംബോധന ചെയ്തിരുന്നത്. ചേച്ചിയും എന്റെ അതേ കാരണങ്ങളാല്‍ ഇരുമ്പഴികള്‍ക്കുള്ളിലായതാണ്. എനിക്ക് 2 വര്‍ഷം മുന്‍പേ അവര്‍ ജയിലിലുണ്ടായിരുന്നു. അവര്‍ ജയിലിലെ ഒരു സെല്ലില്‍ ഡബിള്‍ ഡക്കര്‍ ബെഡില്‍ താഴെയും മുകളിലുമായി ഒരു മാസത്തോളം കഴിഞ്ഞെങ്കിലും ചേച്ചി സംസാരം കുറവായിരുന്നു. ആരുമായും അവര്‍ അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്നുംരാഖി പറയുന്നു.

തീക്ഷ്ണമായ ജീവിതാനുഭവമായിരിക്കാം അവരെ അങ്ങനെയാക്കിത്തീര്‍ത്തത്. ഏറ്റവും സ്നേഹിച്ചിരുന്നവര്‍ പോലും സഹായിക്കാനുണ്ടായില്ല എന്ന വിചാരം ആരെയും അസ്വസ്ഥപ്പെടുത്തുമല്ലോ. അവരുടെ മനസിനെ എന്തൊക്കെയോ ശല്യം ചെയ്തുകൊണ്ടിരുന്നതായി ഓര്‍ക്കുന്നു. എങ്കിലും എന്നോട് മാത്രമായിരുന്നു കുറച്ചെങ്കിലും സംസാരിച്ചിരുന്നത്. പല സ്വകാര്യങ്ങളും എന്നോട് പങ്കിട്ടിരുന്നെങ്കിലും അതില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ദുബായിലുള്ള മകന്റെ ഫോണ്‍ നമ്പരുണ്ടായിരുന്നെങ്കിലും വിളിക്കാറില്ലായിരുന്നു. മകനും അനിതേച്ചിയെ ബന്ധപ്പെട്ടിരുന്നില്ല.

മോനു ജോലിയുണ്ടെന്ന് പറഞ്ഞിരുന്നു. ജയിലിലാകുന്നതിന് മുന്‍പ് തന്നെ ഭര്‍ത്താവ് ബാലു മറ്റൊരു വിവാഹം കഴിച്ചിരുന്നതായി പറഞ്ഞിരുന്നു. അപ്പോഴും ഭര്‍ത്താവുമായി ബന്ധം പുലര്‍ത്തിയിരുന്നു. പിന്നീട്, ജയിലിലാകാനുള്ള സാഹചര്യം എന്താണെന്നു മാത്രം എനിക്കറിയില്ല. ജയിലിലനകത്ത് ചേച്ചിക്ക് ജോലിയുണ്ടായിരുന്നു. നന്നായി വരയ്ക്കുകയും പാടുകയും ചെയ്യുമായിരുന്നു. വരച്ച പെയിന്റിങ്സ് വിറ്റു പണം സമ്പാദിച്ചിരുന്നു. പ്രതിമാസം 250 ദിര്‍ഹത്തോളം ലഭിച്ചിരുന്നതായാണ് ഓര്‍മ.

താന്‍ മറ്റാരെയും ആശ്രിയിക്കില്ലെന്നും ഭര്‍ത്താവ് സഹായിച്ചാലേ പ്രതിന്ധി അവസാനിക്കൂ എന്നും അവര്‍ പറഞ്ഞിരുന്നു. ഞാനും അത്തരമൊരു സാഹചര്യത്തിലൂടെയായിരുന്നു കടന്നുപോയത്. അതിനാല്‍, കൂടുതല്‍ ചോദിച്ചു മനസിലാക്കാന്‍ സാധിച്ചില്ല. ജയിലില്‍ വച്ചുപുലര്‍ത്തിയിരുന്ന നിലപാട് തന്നെയാണ് ചേച്ചിക്ക് ഇപ്പോഴും എന്നു കരുതുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. ചേച്ചി അപ്പോഴും ജയിലിലായിരുന്നു. 36 മാസം തടവ് അനുഭവിച്ചാണ് അവര്‍ പുറത്തിറങ്ങിയതെന്ന് പിന്നീട് അറിഞ്ഞിരുന്നു. ഞാന്‍ പ്രശ്നങ്ങളില്‍ നിന്നു താത്കാലികമായി രക്ഷപ്പെട്ട് നാട്ടിലേയ്ക്കും മടങ്ങി. പിന്നീട്, ഇപ്പോള്‍ വാര്‍ത്ത കണ്ടപ്പോഴാണ് അവരെ വീണ്ടും ഓര്‍ക്കുന്നത്-രാഖി പറയുന്നു.

അനിതയുടെ ഭര്‍ത്താവായിരുന്ന ബാലു 1996 മുതല്‍ നടത്തിയ ബിസിനസ് പിന്നീട് തകരുകയുമായിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നു ബാലു വന്‍തുക വായ്പയെടുക്കേണ്ടി വരികയും ചെയ്തു. അതിനെല്ലാം ജാമ്യം നിര്‍ത്തിയതു ഭാര്യ അനിതയെയായിരുന്നു. വായ്പ തിരിച്ചടക്കാനാതായപ്പോള്‍ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയ മകനേയും കൂട്ടി നാട്ടിലേയ്ക്ക് പോയി. ദുരിതത്തിലായ അവര്‍ മൂത്ത മകനെയും കൊണ്ടു പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്നു ബാങ്കുകാരും മറ്റൊരു കമ്പനിയും കേസു കൊടുക്കുകയും ഒടുവില്‍ അനിത കീഴടങ്ങുകയുമായിരുന്നു.

36 മാസം തടവു ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോള്‍ താമസിക്കാനുള്ള ഇടം പോലും നഷ്ടപ്പെട്ടിരുന്നു. മകന്‍ താന്‍ പഠിച്ച സ്‌കൂളില്‍ ചെറിയൊരു ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ മകന്റെ കൂടെ താമസിക്കാന്‍ അനിത തയ്യാറായതുമില്ല. ഭര്‍ത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇവര്‍ തെരുവില്‍ താമസിക്കുന്നത്. തന്റേതല്ലാത്ത കാരണത്താല്‍ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യത തീരാതെ താന്‍ നാട്ടിലേയ്ക്കു മടങ്ങില്ലെന്ന് ഇവര്‍ പറയുന്നു. 22 ലക്ഷത്തോളം ദിര്‍ഹമായിരുന്നു ബാങ്കിലടക്കേണ്ടിയിരുന്നത്. മറ്റൊരു കമ്പനിക്ക് 5 ലക്ഷത്തോളം ദിര്‍ഹവും. രണ്ടു കൂട്ടരും സിവില്‍ കേസ് നല്‍കിയപ്പോള്‍ കുടുങ്ങിയത് അനിതയും.

പിന്നീട് പ്രശ്‌നത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപ്പെടുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ബാങ്കു വായ്പ തുക രണ്ടു ലക്ഷമാക്കി കുറച്ചുനല്‍കാന്‍ ബാങ്കുകാര്‍ തയ്യാറായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 30ന് മുന്‍പ് തുക അടയ്ക്കണമെന്നായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. പക്ഷേ ഇത്രയും തുക നല്‍കാന്‍ ആരും മുന്നോട്ട് വന്നില്ല. അഡ്വ.ഏബ്രഹാം ജോണ്‍ ബാങ്കിന് വീണ്ടും അപേക്ഷ നല്‍കിയപ്പോള്‍ ഈ മാസം(ഡിസംബര്‍) അവസാനം വരെ കാലാവധി നീട്ടി നല്‍കി. ആ തീയതിക്ക് മുന്‍പ് പണം അടച്ചില്ലെങ്കില്‍ ഇളവ് റദ്ദാക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അനിതയ്ക്ക് താത്കാലികമായി താമസ സൗകര്യം നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ടെങ്കിലും തന്റെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാതെ എങ്ങോട്ടേക്കുമില്ലെന്ന നിലപാടിലാണ് ഇവര്‍. ഒരുകാലത്തു നിരവധി പേര്‍ക്ക് ജോലി നല്‍കിയിരുന്ന ഇവര്‍ ഇപ്പോള്‍ തെരുവില്‍ കഴിയുന്നതില്‍ ഇവരുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഞെട്ടലാണ്.

ഒരുകാലത്ത് ആഡംബരവീടും വാഹനങ്ങളും ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം നൂതനസൗകര്യങ്ങളോടെ ഓഫീസുകളും കോടിക്കണക്കിന് രൂപയുടെ സ്വത്തും സ്വന്തമായിരുന്നു അനിതയ്ക്ക്. നാട്ടിലും ഏറെ സ്വത്തുക്കള്‍. എന്നാല്‍ ഇന്ന് ഈ യുവതി അനുഭവിക്കുന്നത് ദാരിദ്യവും ഒറ്റപ്പെടലുമാണ്. ഗായിക കൂടിയായിരുന്ന അനിത ഡോ. ഓമനക്കുട്ടിയുടെ ശിഷ്യയുമാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →