കള്ളനോട്ട് പിടിച്ച സംഭവം:കള്ളനോട്ട് ശൃംഖലയിലെ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന സഹോദരന്മാര്‍ അറസ്റ്റില്‍

രാജി ഇ ആർ -

കൊടുങ്ങല്ലൂര്‍>>>വാഹനാപകടത്തില്‍പെട്ട യുവാവില്‍ നിന്ന് കള്ളനോട്ട് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് കള്ളനോട്ട് ശൃംഖലയിലെ ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന സഹോദരന്മാര്‍ അറസ്റ്റില്‍. ശ്രീനാരായണപുരം പനങ്ങാട് സ്വദേശികളായ എരാശേരി വീട്ടില്‍ രാകേഷ് (37), രാജീവ് (35) എന്നിവരെ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിയ സജീവ ബി.ജെപി പ്രവര്‍ത്തകനായ മേത്തല സ്വദേശി വടശേരി കോളനിയില്‍ കോന്നംപറമ്പില്‍ ജിത്തുവിന്റെ പക്കല്‍ നിന്ന് 1.78 ലക്ഷത്തിന്റെ കള്ളനോട്ട് കണ്ടെത്തിയ കേസിലാണ് ബാംഗ്ലൂരില്‍ നിന്നും പ്രതികള്‍ അറസ്റ്റിലായത്. യുവമോര്‍ച്ചയുടെയും, ബി.ജെപിയുടെയും മുന്‍ ഭാരവാഹികളായിരുന്നു ഇരുവരും.

2017ല്‍ ഇവരുടെ വീട്ടില്‍ നിന്നും കള്ളനോട്ടും നോട്ടടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കേരളത്തിന് പുറത്ത് പോയി കള്ളനോട്ടടി തുടര്‍ന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ചാവക്കാട് എന്നിവിടങ്ങളിലെ ക്രിമിനല്‍ സംഘവുമായി ബന്ധപ്പെട്ട് കള്ളനോട്ടടിച്ച് ആവശ്യക്കാര്‍ക്കെത്തിക്കലാണ് രീതി.

അന്തിക്കാട് കാഞ്ഞാണിയില്‍ 52 ലക്ഷത്തിന്റെ കള്ളനോട്ടുമായി 2019 ല്‍ രാഗേഷിനെ പിടികൂടിയിരുന്നു. പിന്നീട് മലപ്പുറം ജില്ലയിലെ എടവണ്ണ, കോഴിക്കോട് കൊടുവള്ളി എന്നിവിടങ്ങളില്‍ കള്ളനോട്ട് കേസില്‍പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു.ഇതിനിടയിലാണ് ബി.ജെ.പി പ്രവര്‍ത്തകനായ ജിത്തു ഇവരില്‍ നിന്ന് വാങ്ങിയ കള്ളനോട്ടുമായി ബൈക്കില്‍ വരുമ്‌ബോള്‍ അപകടത്തില്‍പെട്ടത്.

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജിത്തുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. തീരദേശ മേഖലയിലെ മീന്‍ കച്ചവടക്കാര്‍ക്കും ലോട്ടറി വില്‍പനക്കാര്‍ക്കും ദിവസ പലിശയ്ക്കായി നല്‍കുന്ന പണം ഈ കള്ളനോട്ടുകളാണ്. ഇതിന്റെ ഇടനിലക്കാരനാണ് ജിത്തു . മുമ്ബ് രാഗേഷും രഞ്ജിത്തും അറസ്റ്റിലായപ്പോള്‍ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.