
ചെന്നൈ>> മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധിച്ച കേസിലെ പ്രതി എ.ജി.പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസില്‍ 32 വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്. 32 കൊല്ലത്തെ തടവും നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം. കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ജസ്റ്റിസ് എല്‍.നാഗേശ്വര റാവു, ജസ്റ്റിസ് ബി.എല്‍.ഗവായ് എന്നിവരടങ്ങുന്ന ബഞ്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
1991 ജൂണ്‍ 11നാണ് പേരറിവാളന് അറസ്റ്റിലായത്. 26 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2017 ജനുവരി 24നാണ് ആദ്യമായി പരോള്‍ അനുവദിച്ചത്. പിന്നീട് എട്ടുതവണ പേരറിവാളന് പരോള്‍ അനുവദിച്ചിരുന്നു. കഴിഞ്ഞ മാസം പരോളില്‍ ഇറങ്ങിയതിന് ശേഷം ഹൈക്കോടതി പരോള്‍ കാലാവധി നീട്ടി നല്കി. ജയില്‍മോചനത്തിനായി ഗവര്‍ണര്‍ക്ക് അപേക്ഷ നല്കി കാത്തിരിക്കുകയാണ് പേരറിവാളന്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇനിയും തീരുമാനം എടുത്തിട്ടില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി ജയിലില്‍ കഴിയുന്ന കേസിലെ മൂന്ന് പ്രതികളേയും വിട്ടയക്കണമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്.