സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂസ് ഡെസ്ക്ക് -

തിരുവനന്തപുരം>>>സംസ്ഥാനത്ത് ഇന്നും മഴ മുന്നറിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എണാകുളം, ഇടുക്കി ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും അറബിക്കടലിലെ ന്യൂനമര്‍ദപാത്തിയും മൂലം കേരളത്തില്‍ ഞായറാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയില്‍ സഞ്ചരിച്ചു ശക്തിപ്രാപിച്ച്, അടുത്ത 12 മണിക്കൂറിനുള്ളില്‍ മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിക്കടലില്‍ കേരളതീരം മുതല്‍ കര്‍ണാടക തീരം വരെയാണ് ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നത്.

അതേസമയം, മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് വര്‍ധിച്ചു. ജലനിരപ്പ് 138.05 അടിയായി ഉയര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ജലനിരപ്പ് 138 അടി പിന്നിട്ടത്. സെക്കന്റില്‍ 5800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →