കളമശേരിയില്‍ കനത്ത മഴയ്ക്കിടെ ഇരുനില വീട് ചരിഞ്ഞ് അടുത്ത വീട്ടില്‍ തങ്ങിനിന്നു, അമ്മയും മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂസ് ഡെസ്ക്ക് -

കൊച്ചി>>>കനത്ത മഴയ്ക്കിടെ ഇരുനില വീട് പൂര്‍ണമായും ചരിഞ്ഞ് തൊട്ടടുത്തുള്ള വീടിനുമുകളില്‍ തങ്ങി. കളമശേരിയില്‍ ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. തക്കസമയത്ത് നാട്ടുകാര്‍ ഇടപെട്ട് വീട്ടിനുള്ളിലുണ്ടായിരുന്നവരെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിഞ്ഞു.

കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് ചരിഞ്ഞത്. സംഭവസമയം വീട്ടുടമസ്ഥയായ അമ്മയും മകളും മാത്രമാണ് വീട്ടിനുള്ളിലുണ്ടായിരുന്നത്. ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീട് ചരിയുന്നത് കണ്ടത്. ഉടന്‍തന്നെ വീടിനുള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയായിരുന്നു. ഭിത്തികള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വീട് താമസയോഗ്യമല്ല. അകത്തുണ്ടായിരുന്ന സാധനങ്ങളും പൂര്‍ണമായി എടുത്തുമാറ്റി. കാലപ്പഴക്കം മൂലമാണ് വീട് തകര്‍ന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്.

തൊട്ടടുത്തുള്ള വീടിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല. തകര്‍ന്ന വീട് എത്രയുംപെട്ടെന്ന് പൊളിച്ചുനീക്കാനാണ് ശ്രമം. വിവരമറിഞ്ഞ് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →