‘ഡാന്‍സൊക്കെ കൊള്ളാം, അത് നിയമസഭയില്‍ വേണ്ട’; വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

രാജി ഇ ആർ -

തിരുവനന്തപുരം >>>നിയമസഭാ കൈയാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ”ഡാന്‍സൊക്കെ കൊള്ളാം അത് നിയമസഭയില്‍ വേണ്ട കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കുക’ രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തി. കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി വിധി.

സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മാത്രമാണ്. 184ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി തെറ്റാണ്. എം എല്‍ എമാരുടെ നടപടികള്‍ ഭരണഘടനയുടെ അതിര്‍വരമ്പുുകള്‍ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിരക്ഷ പ്രയോജനപ്പെടുത്താനാവില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.