രാഹുല്‍ ഗാന്ധി വീണ്ടും വിദേശയാത്രയില്‍; ‘അഭ്യൂഹങ്ങള്‍’ പ്രചരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ്

ദില്ലി>>രാഹുല്‍ ഗാന്ധി വീണ്ടും വിദേശയാത്രയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലേക്ക് ഹ്രസ്വ സന്ദര്‍ശനത്തിനാണ് രാഹുല്‍ തിരിച്ചത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേ സമയം രാഹുലിന്റെ യാത്ര സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം രാഹുല്‍ വിദേശ സന്ദര്‍ശനത്തിലായതിനാല്‍ പഞ്ചാബിലെ മോഗയില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് റാലി മാറ്റിവച്ചേക്കും എന്നാണ് ടൈംസ് നൌ റിപ്പോര്‍ട്ട് പറയുന്നത്.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാനിരിക്കെ രാഹുല്‍ നടത്തുന്ന വിദേശ സന്ദര്‍ശനം ബിജെപി അടക്കം പ്രചാരണം ആയുധമാക്കുന്നുണ്ട്. അതേ സമയം രാഹുലിനെ പിന്തുണച്ച് കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്ത് എത്തിയിട്ടുണ്ട്.

‘രാഹുല്‍ ഗാന്ധി ഹ്രസ്വമായ ഒരു സ്വകാര്യ സന്ദര്‍ശനത്തിലാണ്, ബിജെപിയും അവരുടെ മാധ്യമ സുഹൃത്തുക്കളും അനാവശ്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്’ – കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.

അതേ സമയം പാര്‍ലമെന്റ് ശീതകാല സമ്മേളന കാലത്തും രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു. സമ്മേളനം തുടങ്ങിയതിന് പിറ്റെ ദിവസം വിദേശത്തേക്ക് പോയ രാഹുല്‍ സമ്മേളനം കഴിയുന്നതിന് തലേ ദിവസമാണ് തിരിച്ചെത്തിയത്. രാഹുലിന്റെ തുടര്‍ച്ചയായ വിദേശ സന്ദര്‍ശനങ്ങള്‍ ബിജെപി വളരെ ശക്തമായി ഉപയോഗിക്കുന്നുണ്ട്.

അതേ സമയം 2015 മുതല്‍ 2019വരെ രാഹുല്‍ ഗാന്ധി 247 വിദേശ സന്ദര്‍ശനം നടത്തിയെന്നാണ് മോദി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഏതാണ്ട് 150 ദിവസത്തോളമാണ് ഈ കാലയളവില്‍ രാഹുല്‍ വിദേശത്ത് കഴിഞ്ഞത്. കഴിഞ്ഞ മഹാരാഷ്ട്ര ഹരിയാന തെരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ ബാങ്കോക്കില്‍ പോയത് ഏറെ വിവാദമായിരുന്നു.

അതേ സമയം രാഹുലിന്റെ തിരിച്ചുവരവിന് ശേഷം പഞ്ചാബിലെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കമെന്നാണ് നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 5ന് പഞ്ചാബില്‍ റാലിയെ അഭിസംബോധന ചെയ്യും. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ശേഷം മോദി പഞ്ചാബില്‍ പങ്കെടുക്കുന്ന ആദ്യ റാലിയാണ് ഇത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →