ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരില്‍ ആര്‍ എസ് പിക്കാര്‍ നടത്തുന്നത് വന്‍ തട്ടിപ്പ്

-

കൊല്ലം>>പാര്‍ട്ടിയെ മുച്ചൂടും നശിപ്പിച്ച ആര്‍ എസ് പി നേതാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത് ആദരണീയനായിരുന്ന നേതാവ് ആര്‍ എസ് ഉണ്ണിയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമമെന്ന ആരോപണം ശക്തമാകുന്നു.

കൊല്ലം ജില്ലയില്‍ ആര്‍എസ്പിയെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആര്‍ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന അദ്ദേഹത്തിന്റെ ചെറുമക്കളുടെ പരാതിയിലാണ് ശക്തി കുളങ്ങര പൊലീസ് ഇപ്പോള്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ കേസെടുത്തിരിക്കുന്നത്.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസ്. പ്രേമചന്ദ്രന്‍ കേസിലെ രണ്ടാം പ്രതിയാണ്. ആര്‍ എസ് പി നേതാവ് കെ പി ഉണ്ണി കൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ശക്തികുളങ്ങര സ്വദേശികളായ പുഷ്പന്‍, ഹരികൃഷ്ണന്‍ എന്നിവരും കണ്ടാലറിയാവുന്ന മറ്റു പാര്‍ട്ടി പ്രവര്‍ത്തകരുമാണ് പ്രതികള്‍.

ആര്‍ എസ് ഉണ്ണിയുടെ കൊല്ലം ശക്തികുളങ്ങരയിലെ കുടുംബവീട് കൈയടക്കാന്‍ പ്രാദേശിക ആര്‍എസ്പി നേതാവിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. വീടിന്റെ നിയമപരമായ അവകാശം അമൃതയെന്നും അഞ്ജനയെന്നും പേരുളള ആര്‍ എസ് ഉണ്ണിയുടെ ചെറുമക്കള്‍ക്കാണ്. പക്ഷേ ശക്തികുളങ്ങരയിലെ പ്രാദേശിക ആര്‍എസ്പി നേതാക്കള്‍ ആ അവകാശം അംഗീകരിക്കാന്‍ തയാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി. ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരില്‍ വീടിന്റെ അവകാശം സ്വന്തമാക്കാന്‍ പ്രാദേശിക ആര്‍ എസ് പി നേതാവ് കെ പി ഉണ്ണികൃഷ്ണനും സംഘവും ശ്രമിക്കുകയാണെന്ന് കുടുംബം പറയുന്നു.

ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കാര്യം അറിഞ്ഞിട്ടും മുതിര്‍ന്ന ആര്‍എസ്പി നേതാക്കള്‍ പ്രശ്‌നപരിഹാരത്തിന് സഹായിച്ചില്ലെന്നും ആരോപണമുണ്ട്. നിയമപരമായ അവകാശം സ്ഥാപിച്ചിട്ടും ഭീഷണി തുടരുന്ന ആര്‍എസ് പി പ്രാദേശിക നേതൃത്വം ഫൗണ്ടേഷന്റെ പേരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നീക്കം ചെയ്യാന്‍ തയാറാകാതെ ബുദ്ധിമുട്ടിക്കുകയാണെന്നും പരാതിക്കാര്‍ പറഞ്ഞു. ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്‍ പ്രസിഡന്റ് കൂടിയായ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പെടെ മുതിര്‍ന്ന ആര്‍ എസ് പി നേതാക്കളെ സമീപിച്ചിട്ടും പ്രശ്‌നത്തിന് പരിഹാരമുണ്ടായില്ലെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.

എന്നാല്‍ ആര്‍ എസ് ഉണ്ണിയുടെ മരണ ശേഷം വര്‍ഷങ്ങളോളം ആരും നോക്കാനില്ലാതെ കിടന്നിരുന്ന വീട് സംരക്ഷിച്ചത് താനാണെന്ന് കെ പി ഉണ്ണികൃഷ്ണന്‍ അവകാശപ്പെട്ടു. തന്നോട് പറയാതെ വീടീനുളളില്‍ സഹോദരിമാര്‍ അതിക്രമിച്ചു കടക്കുകയായിരുന്നെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. സഹോദരിമാര്‍ക്ക് അനുകൂലമായ പരിഹാരമുണ്ടാക്കാനുളള ഇടപെടല്‍ നടത്തുക മാത്രമേ നടത്തിയിട്ടുളളൂ എന്നായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ പ്രതികരണം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →