ഗേറ്റ് അടച്ചിട്ടാലും രക്ഷയില്ല; മതില്‍ ചാടിക്കടന്ന് വളര്‍ത്തുനായയെ കടിച്ചെടുത്ത് കൂറ്റന്‍ ജീവി

-

ഛത്തര്‍പൂര്‍>>കാടിനോട് ചേര്‍ന്ന് ജീവിക്കുന്നവരുടെ പ്രധാന വെല്ലുവിളിയാണ് വന്യജീവി ആക്രമണം. മനുഷ്യര്‍ മാത്രമല്ല വളര്‍ത്തുമൃഗങ്ങളും ഇത്തരം പ്രദേശങ്ങളില്‍ നിരന്തരമായി ആക്രമിക്കപ്പെടുന്നു.

ഇതിന് പ്രതിവിധിയായി അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. അടുത്തിടെ ഇത്തരത്തില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തില്‍ ഇപ്പോള്‍ ഭീതി പരത്തുന്നത്.

മദ്ധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ ആണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിന്റെ മതില്‍ക്കെട്ടില്‍ നിന്ന വളര്‍ത്തുനായയെ മതില്‍ ചാടിക്കടന്നെത്തിയ പുള്ളിപ്പുലി കടിച്ചെടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

രാത്രിയില്‍ തെരുവുനായ്ക്കളുടെ കുര കേട്ട് വളര്‍ത്തുനായ ഗേറ്റിന് സമീപത്തേയ്ക്ക് എത്തുകയായിരുന്നു. ഗേറ്റിന് പുറത്തേയ്ക്ക് നോക്കിയ നായ ഭയന്ന് പുറകോട്ട് മാറുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ പുള്ളിപ്പുലി മതില്‍ ചാടിക്കടന്ന് മുറ്റത്തേയ്ക്ക് എത്തി. നിമിഷങ്ങള്‍ക്കകം തന്നെ നായയെ കടിച്ചെടുത്ത് മതിലിനു പുറത്തേയ്ക്ക് ചാടി ഇരുട്ടില്‍ മറയുകയും ചെയ്തു.

ഐ എഫ് എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് നടുക്കുന്ന ദൃശ്യം ട്വിറ്ററില്‍ പങ്കുവച്ചത്. ഇതോടൊപ്പം ഇരുമ്പിന്റെ മുള്ളുകളുള്ള കോളര്‍ അണിഞ്ഞ നായയുടെ ചിത്രവും പര്‍വീണ്‍ കസ്വാന്‍ പങ്കുവച്ചിരുന്നു. വന്യജീവികളിറങ്ങുന്ന പ്രദേശങ്ങളില്‍ വളര്‍ത്തുനായ്ക്കളുടെ സുരക്ഷയ്ക്കായാണ് ഉടമകള്‍ ഇത്തരം കോളറുകള്‍ അണിയിക്കുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →